കൊച്ചി
കോട്ടയ്‌ക്കൽ ഇരട്ടക്കൊലപാതക കേസിൽ വിചാരണ കോടതി പ്രതികൾക്ക് വിധിച്ച ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. ഒമ്പതു പ്രതികളെയും വെറുതെവിട്ടു. കോട്ടയ്‌ക്കൽ കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
അബു സൂഫിയാൻ, യൂസഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാൻ, തയ്യിൽ സെയ്തലവി, തയ്യിൽ മൊയ്തീൻകുട്ടി, പള്ളിപ്പുറം അബ്ദുൾ റഷീദ്, അമരിയിൽ ബീരാൻ എന്നിവരെയാണ് വെറുതെവിട്ടത്. കേസിൽ 11 പ്രതികളാണുണ്ടായിരുന്നത്. ഏഴാം പ്രതി അമരിയിൽ മുഹമ്മദ് ഹാജി വിചാരണവേളയിലും എട്ടാംപ്രതി പള്ളിപ്പുറം അബ്ദുഹാജി അപ്പീൽ നടപടിക്കിടയിലും മരിച്ചിരുന്നു. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ ബി രാമൻ പിള്ള, എസ് രാജീവ് എന്നിവർ ഹാജരായി.
2008 ആഗസ്‌ത് 29നാണ് കേസിനാസ്പദമായ സംഭവം. കോട്ടയ്‌ക്കൽ കുറ്റിപ്പുറം ജുമാ മസ്ജിദിലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആലിക്കൽ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കർ എന്നിവർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..