തിരുവനന്തപുരം
വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന്റെ അധികാരം വ്യക്തമാക്കുന്ന സുപ്രീംകോടതി വിധിയെ മാനിക്കാതെ ചാൻസലറുടെ അധികാരം ദുർവിനിയോഗം ചെയ്‌ത് ഗവർണർ. പശ്ചിമബംഗാളിൽ ചാൻസലറായ ഗവർണർ സർക്കാരിന്റെ അഭിപ്രായം പാലിക്കാതെ വിസി നിയമനത്തിന് നടപടിയെടുത്തതിലെ ഹർജിയിലായിരുന്നു സുപ്രീംകോടതി വിധി. സുപ്രീംകോടതി ജഡ്‌ജി അധ്യക്ഷനായ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ സർക്കാർ മുൻഗണനാക്രമം നിശ്ചയിക്കണമെന്നും തുടർന്ന് കമ്മിറ്റി നിർദേശിക്കുന്നയാളെ ചാൻസലർ വിസിയായി നിയമിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
സംസ്ഥാനത്തെ സർവകലാശാലകളിലെ ആക്ടിലും സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ ചാൻസലർക്ക് അധികാരമുണ്ടെന്ന് പറയുന്നില്ല. സുപ്രീംകോടതി വിധി ഇതായിരിക്കെ സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സംഘപരിവാറിന്റെ പ്രിയങ്കരനായ ഡോ. മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവകലാശാലയിൽ തുടർനിയമനം നൽകിയത്. ശനിയാഴ്‌ച കാലാവധി പൂർത്തിയാകാനിരിക്കെയാണ് അറുപത്തിയെട്ടുകാരനായ വിസിക്ക് നിയമനം നീട്ടി നൽകിയത്.
അതേസമയം ശനി വരെയുള്ള ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ വെള്ളിയാഴ്‌ചയും ഗവർണർ ഇടപെട്ടിട്ടില്ല. ആരോഗ്യ സർവകലാശാല വിസി നിയമനത്തിൽ നിയമപേദേശം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാൻ സർക്കാരിന്റെ ആലോചന.
കേരള സർവകലാശാലയെയും തകർക്കാൻ ലക്ഷ്യം
ദേശീയ അന്തർദേശീയ റാങ്കിങ്ങുകളിലും പേറ്റന്റുകളിലും മുന്നിൽ നിൽക്കുന്ന കേരള സർവകലാശാലയിലും സംഘപരിവാർ താൽപര്യം സംരക്ഷിക്കാൻ കുന്നുമ്മലിന് തന്നെ ചുമതല നൽകിയതിനും പിന്നിൽ സർവകലാശാലയെ തകർക്കുകയെന്ന ലക്ഷ്യം. മികവിന്റെ കേന്ദ്രമായി ഉയരുന്ന സർവകലാശാലയ്‌ക്ക് സ്ഥിരം വിസിയോ പൂർണസമയം സർവകലാശാലയിൽ ചെലവഴിക്കുന്ന ഒരാളെയോ കണ്ടെത്തണമെന്നതാണ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആവശ്യം. എന്നാൽ മാസത്തിൽ മൂന്നുതവണ മാത്രം സർവകലാശാല സന്ദർശനം നടത്തുന്നയൊരാൾക്ക് ചുമതല നൽകിയതിൽ സർവകലാശാല സമൂഹം അതൃപ്തി രേഖപ്പെടുത്തി. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാൾക്ക് സർവകലാശാലയുടെ ദൈന്യംദിന പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഇത് ബോധപൂർവം സർവകലാശാലയെ ഇല്ലാതാക്കാനുള്ള അജൻഡയാണെന്നതാണ് സർവകലാശാല സമൂഹത്തിന്റെ വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..