ന്യൂഡൽഹി
ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ 29ന് നേരിട്ട് ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഒഴിവാക്കി. ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ എങ്ങനെ പൊലീസിനെ അയക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. തർക്കത്തിൽ ഉൾപ്പെട്ട ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി വിധി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നത് പരിശോധിച്ച് സംസ്ഥാനസർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം.
ഹൈക്കോടതി നിർദേശം ചോദ്യംചെയ്‌ത് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി ഡിസംബർ മൂന്നിന് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന മുൻഉത്തരവ് നടപ്പാക്കാത്തതിന്റെ പേരിലാണ് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിലെ മുതിർന്ന 20 ഉദ്യോഗസ്ഥർക്ക് എതിരെ കോടതിഅലക്ഷ്യ നടപടി തുടങ്ങിയത്. കോടതി അലക്ഷ്യമുണ്ടായോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഡിസംബർ മൂന്നിന് കോടതി വിശദവാദം കേൾക്കും. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സ്‌റ്റാൻഡിങ് കോൺസൽ സി കെ ശശി, ഓർത്തഡോക്‌സ് സഭയ്‌ക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ കെ കെ വേണുഗോപാൽ, സി യു സിങ്, യാക്കോബായസഭയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്‌ജിത് കുമാർ തുടങ്ങിയവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..