കൊച്ചി
ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ബുധൻ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പകൽ 12.30നാണ് അവസാനിച്ചത്. കഴിഞ്ഞദിവസം ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധിച്ച് ലാപ്‌ടോപ്പും മെബൈൽഫോണും രേഖകളും പിടിച്ചെടുത്തിരുന്നു. ഷാബിനും സുഹൃത്തായ സിനിമാ നിർമാതാവ് കളമശേരി സ്വദേശി സിറാജുദ്ദീനും ഒളിവിലാണ്. രണ്ടാഴ്ചമുമ്പ് ദുബായിലേക്ക് പോയ സിറാജുദ്ദീനാണ് സ്വർണം അയച്ചത്. ഇരുവരുടെയും പാസ്‌പോർട്ട് കണ്ടുകെട്ടി. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവായ സിറാജുദ്ദീനെ നാട്ടിലെത്തിക്കാനും നീക്കം തുടങ്ങി. സിറാജുദ്ദീനെതിരെ വാറന്റ് പുറപ്പെടുവിക്കാനും വിദേശമന്ത്രാലയത്തെ സമീപിക്കാനുമാണ് കസ്റ്റംസിന്റെ തീരുമാനം.
ഷാബിൻ തൃക്കാക്കര നഗരസഭയിൽ കരാർജോലികൾ നടത്തുകയായിരുന്നു. പിതാവ് വൈസ് ചെയർമാനായതോടെ ഹോട്ടൽ വ്യവസായത്തിലേക്ക് തിരിഞ്ഞു. ഇതിനിടെ സിറാജുദ്ദീനുമായി ചേർന്ന് സ്ഥാപനവും ആരംഭിച്ചു. ഇവരുടെ പെട്ടെന്നുള്ള സാമ്പത്തികവളർച്ചയും ഇടപാടുകളും കസ്‌റ്റംസ് പരിശോധിക്കും.
ഇരുവരും ചേർന്ന് നേരത്തേയും വിമാനത്താവളംവഴി സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. വിവിധ യന്ത്രഭാഗങ്ങൾ നാട്ടിലേക്കു കൊണ്ടുവരുന്ന പേരിലായിരുന്നു സ്വർണക്കടത്ത്. ദുബായിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ കാർഗോ വിമാനത്തിലാണ് കഴിഞ്ഞ ശനി രാത്രി രണ്ടേകാൽ കിലോ സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്. എ എ ഇബ്രാഹിംകുട്ടി സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭയ്‌ക്കുമുന്നിൽ പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..