09 September Monday
കേരളത്തിന്‌ പ്രത്യേക സഹായം പ്രഖ്യാപിച്ചില്ല

ദേശീയ ദുരന്തമായി
പ്രഖ്യാപിക്കണം ; വയനാട്‌ ദുരന്തം സഭയില്‍ ഉന്നയിച്ച്‌ എംപിമാർ

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024


ന്യൂഡൽഹി
രാജ്യത്തെ ഞെട്ടിച്ച വയനാട്‌ ദുരന്തം ചൊവ്വാഴ്‌ച പാർലമെന്റിലും ചർച്ചയായി. രാജ്യസഭയിൽ സിപിഐ എം ഉപനേതാവ്‌ ജോൺ ബ്രിട്ടാസ്‌,  വി ശിവദാസൻ, എ എ റഹിം, പി സന്തോഷ്‌ കുമാർ, ജോസ്‌ കെ മാണി തുടങ്ങിയവർ വിഷയം ഉന്നയിച്ചു. അടിയന്തര ചർച്ച ആവശ്യപ്പെട്ട്‌ നൽകിയ നോട്ടീസ്‌ സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ നിരാകരിച്ചു. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച്‌ പ്രവർത്തിക്കുന്നുണ്ടെന്നും സഭയിൽ ചർച്ചയുടെ ആവശ്യമില്ലെന്നും ധൻഖർ നിലപാടെടുത്തു. തുടർന്ന്‌, ശൂന്യവേളയിലേക്ക്‌ കടക്കാൻ സഭാധ്യക്ഷൻ ശ്രമിച്ചു. എന്നാൽ, കേരളത്തിൽ നിന്നുള്ള എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തി. വലിയ ദുരന്തമാണ്‌ സംഭവിച്ചതെന്നും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക്‌ അവ എത്തിക്കേണ്ടതുണ്ടെന്നും ചർച്ച അനുവദിക്കണമെന്നും എംപിമാർ തുടർന്നും ആവശ്യപ്പെട്ടു. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട്‌ രാവിലെ തന്നെ വന്നുകണ്ട എംപിമാർക്ക്‌ സംസാരിക്കാൻ അവസരം നൽകാമെന്ന്‌ ധൻഖർ അറിയിച്ചു.

കേന്ദ്രം ഉണർന്ന്‌ പ്രവർത്തിക്കണമെന്നും പ്രതിരോധ–- ആഭ്യന്തര–- ധന വകുപ്പുകൾ മുൻകൈ എടുക്കണമെന്നും തുടർന്ന്‌ സംസാരിച്ച ജോൺ ബ്രിട്ടാസ്‌ പറഞ്ഞു. ബജറ്റിൽ പ്രത്യേക പ്രളയസഹായം അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെകൂടി ഉൾപ്പെടുത്തണമെന്നും അഞ്ഞൂറോളം കുടുംബങ്ങളെയാണ്‌ ഉരുൾപൊട്ടൽ ബാധിച്ചതെന്നും വി ശിവദാസൻ, എ എ റഹിം, പി സന്തോഷ്‌ കുമാർ, ജോസ്‌ കെ മാണി തുടങ്ങിയവർ ആവശ്യപ്പെട്ടു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. വലിയ ദുരന്തമാണ്‌ സംഭവിച്ചതെന്നും കേന്ദ്രം സഹായം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ്‌ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കേരളത്തിന്‌ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പുവരുത്തുമെന്ന്‌ സഭാ നേതാവ്‌ കൂടിയായ ആരോഗ്യ മന്ത്രി ജെ പി നദ്ദ മറുപടിയായി പറഞ്ഞു. ലോക്‌സഭയിൽ രാഹുൽ ഗാന്ധി വയനാട്‌ ദുരന്തത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു. എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

കേരളത്തിന്‌ പ്രത്യേക സഹായം പ്രഖ്യാപിച്ചില്ല
വയനാട്ടിൽ നൂറിലേറെ പേരുടെ ജീവനെടുത്ത പ്രകൃതിക്ഷോഭമുണ്ടായിട്ടും പ്രത്യേക പ്രളയസഹായമെന്ന കേരളത്തിന്റെ ആവശ്യത്തോട്‌ മുഖംതിരിച്ച്‌ കേന്ദ്രസർക്കാർ. അസം, ബിഹാർ, ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾക്ക്‌ ബജറ്റിൽ പ്രത്യേക പ്രളയസഹായം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സഹായമെന്ന ആവശ്യം സംസ്ഥാനത്ത്‌ നിന്നുള്ള എംപിമാർ ആവർത്തിച്ച്‌ ഉന്നയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്‌ച ലോക്‌സഭയിൽ ബജറ്റ്‌ ചർച്ചയ്‌ക്കുള്ള മറുപടിയിൽ കേരളത്തിന്‌ പ്രത്യേക സഹായം പ്രഖ്യാപിക്കാൻ ധനമന്ത്രി കൂട്ടാക്കിയില്ല. ബജറ്റിൽ രണ്ട്‌ സംസ്ഥാനങ്ങളെ മാത്രമാണ്‌ പരിഗണിച്ചതെന്നും മറ്റ്‌ സംസ്ഥാനങ്ങളെ അവഗണിച്ചെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.

കേരളത്തിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി എൻഎച്ച്‌ 66 കപ്പിരിക്കാട്‌–- ഇടപ്പള്ളി റോഡു വികസനത്തിന്‌ 9667 കോടി രൂപയും മുക്കോല മുതൽ തമിഴ്‌നാട്‌ അതിർത്തി വരെ റോഡു വികസനത്തിനായി 1148 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി പറഞ്ഞു. ഇതിന്‌ പുറമെ വിഴിഞ്ഞം തുറമുഖ വികസനത്തിനായി 818 കോടി രൂപയും കേന്ദ്രം നൽകുന്നുണ്ടെന്ന്‌ ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക്‌ ശേഷം ലോക്‌സഭ ബജറ്റ്‌ പാസാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top