20 December Friday

കൂടെ നിന്നതിങ്ങനെ

ബിമൽ പേരയംUpdated: Friday Nov 1, 2024

ചാത്തൻകുളങ്ങരപ്പറമ്പിലെ വീട്ടുമുറ്റത്ത് അപ്പു, ജബ്ബാർ, മണി, ചന്ദ്രൻ, ധർമൻ, തത്ത എന്നിവർ

 

പാലക്കാട്‌
‘‘പ്രായമായില്ലേ, ഇനി പഴയതുപോലെ ജോലിക്കൊന്നും പോകാനാകില്ല. പാടത്തും പറമ്പിലുമായി നല്ലകാലം മുഴുവൻ പണിയെടുത്ത കർഷകത്തൊഴിലാളികളാണ് ഞങ്ങൾ. മരുന്നുവാങ്ങാനും മറ്റുമായി ഒരു തുക കൃത്യമായി കൈകളിലെത്തുന്നുണ്ട്’’–- കണ്ണാടി ചാത്തൻകുളങ്ങരപ്പറമ്പ്‌ സ്വദേശി അപ്പുവേട്ടൻ ഇങ്ങനെ പറയുമ്പോൾ ഒപ്പമിരുന്ന ധർമനും ചന്ദ്രനും ജബ്ബാറും മണിയും തലകുലുക്കി സമ്മതിച്ചു. അപ്പുവിനും ഭാര്യ തങ്കമണിക്കും പെൻഷൻ കിട്ടുന്നുണ്ട്‌. 10 വർഷംമുമ്പ്‌ തുച്ഛമായ തുകയാണ്‌ ലഭിച്ചിരുന്നത്‌. ഇത്‌ വാങ്ങാനായി ബാങ്കിൽ പോയി വരിനിൽക്കേണ്ടിയിരുന്നു. പിണറായി സർക്കാർ വന്നശേഷം ബാങ്കുകാർ പെൻഷൻ വീട്ടിലെത്തിച്ചുതരും. 
ചാത്തൻകുളങ്ങരപ്പറമ്പ്‌ സ്വദേശി ജബ്ബാറിന്‌ (68) സുൽത്താൻപേട്ടയിലെ ഒരു ഹോട്ടലിലായിരുന്നു ജോലി. കോവിഡിനുശേഷം തിരിച്ചുവിളിച്ചില്ല. സർക്കാർ നൽകുന്ന ക്ഷേമപെൻഷനാണ്‌ ആശ്വാസം. 
ഭാര്യ റഹ്‌മത്ത്‌ വടക്കുമുറി മൃഗാശുപത്രിയിൽ ശുചീകരണത്തൊഴിലാളിയാണ്‌. കെ ധർമനും (75) ഭാര്യ തത്തയും ഇപ്പോഴും ചെറിയ ജോലികൾക്ക്‌ പോകുന്നുണ്ട്‌. രണ്ടുപേർക്കും പെൻഷനുമുണ്ട്‌. ലൈഫ്‌ ഭവന പദ്ധതിയിലൂടെ വീടുംകിട്ടി. 
18 മാസം പെൻഷൻ കുടിശ്ശികയാക്കിയവർ ഒന്നു മുടങ്ങിയപ്പോൾ എന്തെല്ലാം പ്രചാരണമാണ്‌ ഇവിടെ നടത്തിയതെന്ന്‌ ചന്ദ്രൻ (63) ചോദിച്ചു. രണ്ടുവർഷമായി തനിക്ക്‌ പെൻഷനുണ്ട്‌. മുടങ്ങിയാലും അധികംവൈകാതെ കുടുശ്ശികയുൾപ്പെടെ ചേർത്തേ സർക്കാർ തന്നിട്ടുള്ളൂ. ഭാര്യ അമ്മുക്കുട്ടി കൂലിപ്പണിക്ക്‌ പോകുന്നുണ്ട്‌. മണിക്ക്‌ പെൻഷൻ കിട്ടിത്തുടങ്ങിയിട്ട്‌ ഒരു വർഷമേ ആയിട്ടുള്ളൂ. ഭാര്യ ശ്രീദേവി അങ്കണവാടി ഹെൽപ്പറാണ്‌. 
രാവിലെ വീടിനടുത്തുള്ള ഇ എം എസ്‌ സ്‌മാരക ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിൽ അഞ്ചുപേരും എത്തും. 
നാട്ടുവർത്തമാനങ്ങളും തെരഞ്ഞെടുപ്പുമെല്ലാം ചർച്ചയാകും. സംസ്ഥാന സർക്കാരിന്റെ തുടർപ്രവർത്തനങ്ങൾക്ക്‌ കരുത്താകുന്നൊരാൾ പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ ജയിക്കണമെന്നും ഇവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top