പാലക്കാട്
എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾ ലോക നിലവാരത്തിലെത്തിയിട്ടും സ്മാർട്ട് ആവാതെ പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. മുൻ എംഎൽഎ മാത്രമാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. 3,800 വിദ്യാർഥികളുള്ള, സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ വിദ്യാലയമാണിത്. 2015ൽ ആരംഭിച്ച ഡിജിറ്റലൈസേഷൻ ഒമ്പതുവർഷം പിന്നിട്ടിട്ടും എവിടെയുമെത്തിയില്ല.
എട്ടുകോടി രൂപയുടെ പദ്ധതിയിൽ നാലുകോടി ചെലവഴിച്ചിട്ടുണ്ട്. രണ്ടരക്കോടി രൂപ ഹാബിറ്റാറ്റിന് കൈമാറി. ബാക്കി 1.50 കോടി എവിടെ ചെലവഴിച്ചുവെന്നതിന് വ്യക്തതയില്ല. സ്വകാര്യ പദ്ധതിയായാണ് മുൻ എംഎൽഎ ഷാഫി പറമ്പിൽ ഡിജിറ്റലൈസേഷൻ ആരംഭിച്ചത്. ഉമ്മൻചാണ്ടി സർക്കാർ പ്രത്യേക ഉത്തരവിറക്കി എംഎൽഎയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് സർക്കാരിന് ഇടപെടാൻ കഴിയാത്തവിധം സ്വന്തം നിയന്ത്രണത്തിലുമാക്കി. സ്‌കൂൾ പിടിഎക്കുപോലും ഇടപെടാനാകില്ല. അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ, പാലക്കാട് എംഎൽഎ, വിദ്യാഭ്യാസ സെക്രട്ടറി, കലക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരുൾപ്പെട്ടതാണ് എംപവേർഡ് കമ്മിറ്റി. അന്നത്തെ കലക്ടർ ഈ പദ്ധതി സംബന്ധിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം പദ്ധതിയിൽ സംശയം പ്രകടിപ്പിച്ച് കൈറ്റ് ഡയറക്ടർ അൻവർ സാദിഖ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞു. പദ്ധതി മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പക്ഷേ എംഎൽഎയുടെ കെടുകാര്യസ്ഥത കാരണം ഒന്നുംനടന്നില്ല.
2015 നവംബറിൽ നിർമാണം തുടങ്ങി 2016 ജൂണിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്‌ദാനം. ക്ലാസ് മുറികളും ശൗചാലയങ്ങളും ലാബുകളുമൊക്കെ നാശമായിക്കിടക്കുന്നു.
■ ഇരിക്കുന്നതെങ്ങനെ
ഇവിടെ
ഡിജിറ്റലൈസേഷന്റെ ഭാഗമായി നിർമിച്ച ബെഞ്ചും ഡെസ്‌ക്കും കുട്ടികൾക്കുണ്ടാക്കുന്നത് ദുരിതം. ക്ലാസ് മുറികളിൽ അനക്കാൻ കഴിയാത്ത ഗ്യാലറി സമ്പ്രദായമാക്കി. സ്‌കൂൾ ക്ലാസ് റൂം വ്യവസ്ഥകൾക്ക് വിരുദ്ധമാണിത്. ബെഞ്ചും ഡെസ്‌ക്കും ഒരുമിച്ചുചേർത്ത് നിർമിച്ചിരിക്കുന്നതിനാൽ സ്വതന്ത്രമായി കയറാനോ ഇറങ്ങാനോ കഴിയുന്നില്ല. ഡെസ്‌ക്കിൽ മരത്തടിക്ക് പകരം ഗ്രാനൈറ്റാണ് വച്ചിരിക്കുന്നത്. ഇത് ഇളകിവീണ് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പിന്നീട് സ്‌കൂൾ പിടിഎ ഇടപെട്ട് ഗ്രാനൈറ്റിനുചുറ്റും ഇരുമ്പുപാളികൾ പിടിപ്പിച്ച് സുരക്ഷിതമാക്കി.
■ അടിമുടി അഴിമതി
നിർമാണത്തിൽത്തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയർന്നു. ചെലവഴിച്ച പണത്തിനുള്ളതൊന്നും കാണാനുമില്ല. സ്‌കൂളിൽ നേരത്തേ ഉണ്ടായിരുന്ന എൽസിഡി പ്രൊജക്ടറുകൾ കാണാതായി. 50 –- 60 വർഷം പഴക്കമുള്ള തടി ഫർണിച്ചർ കരാറുകാരൻ കൊണ്ടുപോയി.
അതിനൊന്നും രേഖയുമില്ല. അധ്യാപക–-രക്ഷാകർതൃ സമിതിക്കോ സ്‌കൂൾ അധികൃതർക്കോ ഒന്നുമറിയില്ല. സർക്കാർ സ്‌കൂൾ മാന്വൽപോലും പാലിച്ചിട്ടല്ല നിർമാണം. ഡിജിറ്റലൈസേഷന് തയ്യാറാക്കിയ പ്ലാനില്ല.
■ ശപഥം മറന്നോ
ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാതെ മോയൻ സ്‌കൂളിലെ ഗേറ്റ് കടക്കില്ലെന്ന ശപഥമൊക്കെ എവിടെപ്പോയെന്നാണ് മുൻ എംഎൽഎയോട് കുട്ടികളുടെ ചോദ്യം. പ്രഖ്യാപിച്ചിട്ടും വാക്കിന് വിലയില്ലെന്ന് വ്യക്തമാക്കി മുൻ എംഎൽഎ നിരവധിതവണ സ്‌കൂളിൽ കയറിയിറങ്ങിയിട്ടുണ്ട്. സ്‌കൂൾ എങ്ങനെയാണ് മാറാൻ പോകുന്നതെന്നൊക്കെ വീഡിയോ തയ്യാറാക്കി അധ്യാപകർക്കുമുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..