പാലക്കാട്
വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺഗ്രസിന് എസ്‌ഡിപിഐയുമായും- ബിജെപിയുമായുമുള്ള പരസ്യധാരണയ്‌ക്ക് തെളിവാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെ ഡിസിസി പ്രസിഡന്റ് പാലോട് രവി നേരിട്ട് നടപ്പാക്കിയ പദ്ധതിയാണ് വെമ്പായത്തേത്. എസ്‌ഡിപിഐ, ബിജെപി എന്നിവയുമായി കോൺഗ്രസ് നേതാക്കൾ ധാരണയുണ്ടാക്കി. എസ്‌ഡിപിഐക്കാർക്കെതിരെ കോൺഗ്രസുകാർ നൽകിയ കേസുകൾ പിൻവിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. ഇതിലും വലിയ ഡീൽ വേറെയുണ്ടോ.
വിഷയത്തിൽ കോൺഗ്രസ് നേതൃത്വം മാത്രമല്ല ബിജെപിയും മറുപടി പറയണം. വോട്ടെടുപ്പിൽനിന്ന് ബിജെപി അംഗങ്ങൾ എന്തുകൊണ്ട് വിട്ടുനിന്നുവെന്ന് വ്യക്തമാക്കണം. വി മുരളീധരന്റെ അറിവോടെയാണിതെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി
ഹവാല പാർടിയായി
പാലക്കാട്
ഹവാല ഇടപാടിന്റെയും കള്ളപ്പണക്കാരുടെയും പാർടിയായി ബിജെപി മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ബിജെപി ഓഫീസിൽ ചാക്കിൽ കെട്ടി പണമെത്തിച്ചെന്നാണ് വെളിപ്പെടുത്തൽ. എന്തുകൊണ്ട് ഇഡി കൊടകരയിൽമാത്രം ചാടിവീഴുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മാത്രമല്ല പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും വിഷയത്തിൽ മറുപടി പറയണം. ഇഡി സ്‌പോൺസർചെയ്ത ഹവാല ഇടപാടാണ് കൊടകരയിലേത്. പാലക്കാട്ടെ സ്ഥാനാർഥിക്കും പണമെത്തിയോ എന്ന് പരിശോധിക്കണം. നിയമനടപടി സാധ്യതകൾ ഡിവൈഎഫ്ഐ ആലോചിക്കും. കൊടകര വിഷയത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെടാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തയ്യാറാകുമോയെന്നും റഹീം ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..