പാലക്കാട്
ജില്ലയിലെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി വീണ്ടെടുക്കാനുള്ള പ്രവർത്തനം ഈ ആഴ്‌ച തുടങ്ങും. ഭാരതപ്പുഴയെ മാലിന്യമുക്തമാക്കാൻ നടത്തിയ ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്റെ മൂന്നാംഘട്ടമായാണിത് നടപ്പാക്കുന്നത്. തുടർ മലിനീകരണം തടയാനും നടപടിയുണ്ടാകും.
‘മാലിന്യമുക്ത നവകേരളം’ ദൗത്യത്തിന്റെ പുതിയ ചുവടുവയ്‌പ്പാണ് നീർച്ചാലുകൾ വൃത്തിയാക്കൽ.
നീർച്ചാലുകളിലേക്കും പുഴകളിലേക്കുമൊക്കെ തുറക്കുന്ന മാലിന്യക്കുഴലുകൾ കണ്ടെത്തി അടയ്‌ക്കും. നേരത്തേ മാപ്പത്തോൺ തയ്യാറാക്കിയ 51 പഞ്ചായത്തുകളിലെ 2679 നീർച്ചാലുകൾ പൂർണമായും വീണ്ടെടുക്കും. മാർച്ച് 30നുമുമ്പ് ലക്ഷ്യം പൂർത്തീകരിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർവഹണ സമിതിയും ഹരിത കേരളം മിഷൻ സാങ്കേതിക സമിതിയുംചേർന്ന് തുടർപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും.
ഹരിത കേരളം മിഷൻ സഹായത്തോടെ കൂടുതൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജലഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കും. നിലവിൽ മണ്ഡലത്തിൽ പത്ത് ലാബുകളാണുള്ളത്. നെന്മാറ –- 10, ഒറ്റപ്പാലം–-മൂന്ന്, തൃത്താല–-എട്ട് എന്നിങ്ങനെ 21 ലാബുകളുടെ നിർമാണം പുരോഗതിയിലാണ്.
ക്യാമ്പയിന്റെ ഭാഗമായി ചിറ്റൂർ മേഖലയിലെ മുഴുവൻ കിണറുകളിലും ജലഗുണനിലവാര പരിശോധന നടത്തും. എല്ലാ കിണറുകളിലെയും വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ച് എത്ര മലിനമായിട്ടുണ്ടെന്നും സെപ്‌റ്റിക് മാലിന്യം കലർന്നിട്ടുണ്ടോയെന്നതും പരിശോധിക്കും. വെള്ളം ശുദ്ധമാക്കാൻ ക്ലോറിനേഷൻ ഉൾപ്പെടെയുള്ളവ ചെയ്യും. ജനകീയ പങ്കാളിത്തത്തോടെയാകും പ്രവർത്തനം നടപ്പാക്കുക. ഒക്ടോബറിൽ തുടങ്ങി നവംബർ ഒന്നിന് പൂർത്തിയായ ഒന്നാംഘട്ടത്തിൽ ജില്ലയിലെ 50 ശതമാനം ഓഫീസുകളും വിദ്യാലയങ്ങളും ടൂറിസം കേന്ദ്രങ്ങളും ഹരിതപദവി കൈവരിച്ചു. പത്തുശതമാനം അയൽക്കൂട്ടങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ ടൗൺ വീതവും ഈ പട്ടികയിലുണ്ട്. 95 തദ്ദേശ സ്ഥാപനങ്ങളിലായി 97 ഹരിത ജങ്ഷനുകൾ തയ്യാറാക്കി. 958 ഓഫീസുകളും 549 വിദ്യാഭ്യാസ സ്ഥാപനങ്ങളും 36 കോളേജുകളും 5,388 അയൽക്കൂട്ടങ്ങളും 44 പൊതു ഇടങ്ങളും ഹരിതപദവിക്ക് അർഹരായി.
നവംബർ ഒന്നിന് രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചു. ഡിസംബർ 31ന് മൂന്നാംഘട്ടവും ജനുവരി 26ന് നാലാംഘട്ടവും ആരംഭിക്കും. മാർച്ച് എട്ടുമുതൽ 30വരെ നീളുന്നതാണ് അഞ്ചാംഘട്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..