പാലക്കാട്
വലിയ വ്യാപ്‌തിയുള്ള ഉരുൾപൊട്ടലാണ് നെല്ലിയാമ്പതിയിലുണ്ടായതെന്ന് മന്ത്രി എം ബി രാജേഷ്. നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. റോഡിലേക്ക് വീണ വൻ പാറകൾ നിയന്ത്രിത സ്‌ഫോടനം വഴിയാണ് നീക്കം ചെയ്യുന്നത്. റോഡിൽ അടിഞ്ഞുകൂടിയ മണ്ണും വൻപാറകളും മരങ്ങളും പൂർണമായും നീക്കം ചെയ്‌താലേ റോഡിന് എത്രത്തോളം നാശം സംഭവിച്ചുവെന്ന് അറിയാനാകൂ.
കാഴ്‌ചയിൽ വലിയതോതിൽ നാശം സംഭവിച്ചേക്കാൻ ഇടയുണ്ട്. ഒരു ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ച് കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന വിനോദസഞ്ചാരികളെ പുറത്തെത്തിക്കാനാകും. ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ നെല്ലിയാമ്പതിയിലുണ്ടെന്ന് ഉറപ്പാക്കി. അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കെ ബാബു എംഎൽഎ, കലക്‌ടർ എസ് ചിത്ര, ഡെപ്യൂട്ടി കലക്‌ടർ സച്ചിൻ കൃഷ്‌ണ, ചിറ്റൂർ തഹസിൽദാർ എസ് മായ, എൽആർ തഹസിൽദാർ ശരവണൻ, ഡിവൈഎസ്‌പി എൻ മുരളീധരൻ, സിപിഐ എം എരിയ സെക്രട്ടറി കെ പ്രേമൻ, ജില്ലാ പഞ്ചായത്ത് അംഗം എസ് മായ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. പോത്തുണ്ടി എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..