പാലക്കാട്
സമ്പൂർണ മാലിന്യ മുക്തി ലക്ഷ്യമാക്കിയുള്ള ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. 2025 മാർച്ച് 30 വരെ നീളുന്ന ക്യാമ്പയിൻ വഴി ജനകീയ പങ്കാളിത്തത്തോടെ ജില്ലയെ മാലിന്യമുക്തമാക്കും. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ തുടങ്ങിയവയെ മാലിന്യമുക്തവും ഹരിതാഭവുമാക്കി ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിലൂടെയാണ് മാലിന്യത്തെ പടിയിറക്കുന്നത്.
ജൈവ, അജൈവ സംസ്‌കരണ സംവിധാനങ്ങളിലെ ഗ്യാപ് കണ്ടെത്തുക, മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക തുടങ്ങിയ ഒരുക്കങ്ങൾ നടത്തി. അയൽക്കൂട്ടങ്ങൾ, സർവീസ്–- യുവജന സംഘടനകൾ, വിദ്യാർഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്‌മകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാരികൾ, ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ, സമുദായ സംഘടനകൾ, രാഷ്ട്രീയ പാർടികൾ മുതലായവരുടെ പങ്കാളിത്തം ഉറപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് നവകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ പി സെയ്‌തലവി പറഞ്ഞു.
■ പരിശോധന ശക്തം
മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി എന്ന നിലയിൽ ജനകീയ വിജിലൻസ് സ്‌ക്വാഡ്, പൊലീസ് എൻഫോഴ്‌സ്‌മെന്റ്, മറ്റ് ഏജൻസികളുടെ പരിശോധന എന്നിവ ശക്തിപ്പെടുത്തി.
■ ഹരിത പ്രഖ്യാപനം
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പത്തുശതമാനം അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കും. ഡിസംബർ 31ന് 25 ശതമാനവും ജനുവരി 26ന് 50 ശതമാനവും മാർച്ച് എട്ടിന് 100 ശതമാനവും അയൽക്കൂട്ടങ്ങളെ ഹരിതമായി പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തിൽ 10 ശതമാനം ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഡിസംബർ 31ന് 25 ശതമാനവും 2025 ജനുവരി 26ന് 50 ശതമാനവും മാർച്ച് 30ന് സമ്പൂർണ പ്രഖ്യാപനവും നടത്തും. കേരളപ്പിറവി ദിനത്തിൽ 50 ശതമാനം ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും. ജനുവരി 26നകം 100 ശതമാനം കൈവരിക്കും. നവംബർ ഒന്നിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ഒരു ടൗണോ, ഒരു മാർക്കറ്റോ, പൊതുസ്ഥലമോ സമ്പൂർണ ശുചിത്വവും ഭംഗിയുള്ളതുമായി പ്രഖ്യാപിക്കും. ഡിസംബർ 31ന് 50 ശതമാനവും ജനുവരി 26നകം എല്ലാ ടൗണുകളും പൊതുസ്ഥലങ്ങളും സമ്പൂർണ ശുചിത്വമായി മാറും. അമ്പത് ശതമാനം സ്‌കൂളുകളെയും കോളേജുകളെയും നവംബർ ഒന്നിന് സമ്പൂർണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. ഡിസംബർ 31നായിരിക്കും 100 ശതമാനം പ്രഖ്യാപനം.
■ നീർച്ചാലുകൾ
പുനരുജ്ജീവിപ്പിക്കും
ഡിസംബറിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ടം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. മാർച്ചോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മുഴുവൻ നീർച്ചാലും ശുചീകരിക്കും. ഹരിതകേരളം മിഷൻ മാപ്പിങ് പൂർത്തിയാക്കിയ പഞ്ചായത്തുകളിൽ അതിന്റെ സഹായത്തോടെ നീർച്ചാലുകൾ വീണ്ടെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..