പാലക്കാട്
സിപിഐ എം വിരുദ്ധപ്രചാരണങ്ങൾക്ക് അധികം ആയുസ്സുണ്ടാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ദേശാഭിമാനിയിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ മനസ്സിൽക്കൂടി വലതുപക്ഷ ചിന്ത എങ്ങനെ കയറ്റാമെന്നാണ് ചില മാധ്യമങ്ങൾ പരിശ്രമിക്കുന്നത്. സിപിഐ എം വിരുദ്ധർക്ക് അമിത പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കണമെന്ന് പഠിപ്പിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. രാജ്യത്ത് ഇടതുപക്ഷ ആശയങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് വർത്തമാനകാലത്ത് നടക്കുന്നത്. സംഘപരിവാറിന് അവരുടെ ആശയങ്ങൾ നടപ്പാക്കാൻ കഴിയാത്തത് ഇടതുപക്ഷത്തിന്റെ സ്വാധീനം കാരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവരുടെ ശക്തി ക്ഷയിപ്പിക്കാനായി. കേവല ഭൂരിപക്ഷംപോലും ബിജെപിക്ക് ലഭിച്ചില്ല. ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചുകാണിക്കുന്നതായി മാറി പുതിയ മാധ്യമപ്രവർത്തനം. അനീതികൾക്കെതിരെ ശബ്ദമുയരുന്നില്ല.
വയനാട് ദുരന്തമേഖലയ്‌ക്കായി കേന്ദ്രം നയാപൈസ തന്നില്ല. കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഇവരാരും മിണ്ടുന്നില്ല. വെല്ലുവിളികളെ അതിജീവിച്ച് പ്രതിസന്ധികളെ കൂട്ടായി നേരിടണമെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..