പാലക്കാട്
‘ശുചിത്വ കേരളം സുസ്ഥിര കേരളം' ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന് ജില്ലയിൽ ബുധനാഴ്‌ച തുടക്കം. മംഗലംഡാം സൈറ്റ് പാർക്കിൽ രാവിലെ പത്തിന് കെ ഡി പ്രസേനൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. മംഗലം ഡാം ടൂറിസം കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും.
ജില്ലയിലെ 13 ബ്ലോക്കുകളിലും 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും വിവിധ വാർഡുകളിലുമായി 200 പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി മമ്മിക്കുട്ടി, കെ ബാബു, പി പി സുമോദ് തുടങ്ങി ജനപ്രതിനിധികൾ വിവിധയിടങ്ങളിൽ ഉദ്ഘാടനം ചെയ്യും. ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് സീറോവേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് ക്യാമ്പയിൻ.
ജൈവ–-ദ്രവ–- മാലിന്യങ്ങളുടെ കൃത്യമായ രീതിയിലുള്ള സംസ്‌കരണമാണ് ആറുമാസത്തെ ക്യാമ്പയിനിലൂടെ ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ടൗണുകളെ ശുചിത്വമുള്ളതാക്കുക, പൊതുസ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുക, ഓഫീസുകളെയും വിദ്യാലയങ്ങളും ഹരിതസ്ഥാപനങ്ങളും ഹരിത വിദ്യാലയങ്ങളുമാക്കുക, നീർച്ചാലുകൾ ശുചീകരിച്ച് വീണ്ടെടുക്കുക എന്നീ പ്രവർത്തനങ്ങൾ നടപ്പാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..