പാലക്കാട്
ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊച്ചി പുതുവൈപ്പ് വൈപ്പിൻകര കോഴത്തു വീട്ടിൽ താമസിക്കുന്ന കന്യാകുമാരി പത്തുകാണി പുത്തൻവീട്ടിൽ പ്രമോദിനെയാണ്(33) കോടതി ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് -വാളയാർ ടോൾപ്ലാസയ്ക്ക് സമീപം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സജീവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ പിടിയിലായത്. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്കുള്ള ബസിൽ 11.330 കിലോ ഹാഷിഷ് ഓയിൽ കടത്താനായിരുന്നു ശ്രമം. ആന്ധ്രപ്രദേശിൽനിന്ന് എറണാകുളത്തേയ്ക്ക് എത്തിക്കാൻ മറ്റൊരാൾ ഏൽപ്പിച്ചതായിരുന്നു ഹാഷിഷ് ഓയിൽ.
അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ എം രാകേഷ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൽ ജയവന്ത് വിധി പറഞ്ഞ കേസിൽ പ്രോസീക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ, മുൻ അഡീഷണൽ പ്രോസീക്യൂട്ടർ റെഡ്സൺ സ്കറിയ എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..