പാലക്കാട്
ജില്ലയിൽ ഒന്നാംവിളയ്‌ക്ക് സപ്ലൈകോ ഇതുവരെ 62,289 ടൺ നെല്ല് സംഭരിച്ചു. 49,193 കർഷകരാണ് രജിസ്‌റ്റർ ചെയ്‌തത്. 41 മില്ലുകൾ നെല്ലെടുക്കുന്നു. കൊയ്‌ത്ത് 99 ശതമാനം പൂർത്തിയായി. സംഭരണം ഉടൻ പൂർത്തിയാക്കി തുക കർഷകരുടെ അക്കൗണ്ടിലെത്തിക്കും.
കേന്ദ്ര സർക്കാർ 900 കോടി രൂപയാണ് താങ്ങുവില ഇനത്തിൽ സപ്ലൈകോയ്‌ക്ക് നൽകാനുള്ളത്. നവംബറിൽ 175 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. കേന്ദ്ര –-സംസ്ഥാന സർക്കാരുകൾ കൂടുതൽ തുക കൈമാറിയാൽ മാത്രമേ സംഭരണം പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകൂ. നെല്ലിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ 28.20 രൂപയ്‌ക്കാണ് നെല്ലെടുക്കുന്നത്. 23 രൂപയാണ് കേന്ദ്രം നിശ്‌ചയിച്ച താങ്ങുവില. 5.20 രൂപ സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസായി നൽകുന്നു.
ഒന്നാംവിള കൊയ്‌ത്ത് പൂർത്തിയായ പാടങ്ങളിൽ രണ്ടാംവിള നടീൽ തുടങ്ങിക്കഴിഞ്ഞു. ജില്ലയിൽ പൊതുവേ രണ്ടാംവിളയ്‌ക്ക് ഞാറ്റടി തയ്യാറാക്കിയാണ് നടീൽ.
നിലവിൽ എല്ലാ അണക്കെട്ടുകളിലും വെള്ളമുള്ളതിനാൽ രണ്ടാംവിളയ്ക്ക് പ്രതിസന്ധിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കർഷകർ. ഫെബ്രുവരി പകുതി വരെയെങ്കിലും കൃഷിക്ക് വെള്ളം ആവശ്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..