പാലക്കാട്
കേരള ക്രിക്കറ്റ് അസോസിയേഷൻ പാലക്കാട് സ്‌പോർട്‌സ് ഹബ് സ്‌റ്റേഡിയം നിർമിക്കും. മലബാർ ദേവസ്വത്തിനുകീഴിലുള്ള അകത്തേത്തറ വടക്കേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കറിലാണ് സ്‌പോർട്‌സ് ഹബ് ഒരുക്കുക. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. രണ്ട് ക്രിക്കറ്റ് ഗ്രൗണ്ട്, ഫ്ലഡ് ലിറ്റ്, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാനങ്ങൾ, കൂടാതെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. 33 വർഷത്തേക്കാണ് കെസിഎ ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിന് 21,35,000 രൂപ വാർഷിക വരുമാനം ലഭിക്കും. 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകും. പ്രദേശവാസികൾക്ക് ജോലിക്ക് മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്. ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോർട്‌സ് ഹബ് നിർമിക്കുക. ഡിസംബറിൽ കരാർ ഒപ്പിടും. 2025 ജനുവരിയിൽ നിർമാണം തുടങ്ങും. ആദ്യഘട്ട നിർമാണം 2026ലും രണ്ടാംഘട്ടം 2027 ഏപ്രിലിലും പൂർത്തിയാക്കാനാണ് ലക്ഷ്യം.
2018-ൽ തുടങ്ങിയ നടപടിക്രമങ്ങൾ കോവിഡ് മൂലമാണ് വൈകിയത്. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികൾ മലബാർ ദേവസ്വവും ക്ഷേത്ര ട്രസ്റ്റും സെപ്തംബറിൽ പൂർത്തിയാക്കി. സ്‌പോർട്‌സ് ഹബ് പൂർത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ വരുന്നത് ജില്ലയിലെ കായികമേഖലയ്‌ക്ക് വൻ കുതിപ്പാകുമെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..