ആലത്തൂർ
കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ഒന്നര മാസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നു, കേസ് ഉണ്ടാവുന്നതിലുപരി കുറ്റകൃത്യം ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധ. ഇതിനായി പഴുതടച്ച കുറ്റപത്രം സമർപ്പിക്കും–- ഇത് ആലത്തൂർ പൊലീസ് സ്‌റ്റേഷന്റെ പ്രത്യേകത. ഇതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ സ്‌റ്റേഷനെന്ന ബഹുമതി ആലത്തൂരിനെ തേടിയെത്തിയത്. അവസാനഘട്ടത്തിൽ 76 സ്റ്റേഷനുകളിൽനിന്നാണ് ആലത്തൂർ സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്ഥല പരിമിതിയാൽ വീർപ്പുമുട്ടിയിരുന്ന പഴയ സ്റ്റേഷന് പകരം പുതിയ സ്ഥലത്ത് നിർമിച്ച കെട്ടിടം 2020 ജൂലൈ 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഇതോടെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യത്തിൽ മികച്ച മാറ്റമുണ്ടായി. സിഐ, രണ്ട് എസ്ഐ, എട്ട് ഗ്രേഡ് എസ്ഐ ഉൾപ്പടെ 49 പേരാണ് സ്റ്റേഷനിലെ അംഗ ബലം.
ചിട്ടയായ നിലയിലാണ് സ്റ്റേഷൻ പ്രവർത്തനം. ഫ്രണ്ട് ഓഫീസ്, പിആർഒ, ജിഡി എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നു. സ്റ്റേഷനിലെത്തുന്ന വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും അമ്മമാർക്കായി ഫീഡിങ് റൂമുമുണ്ട്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ നിരന്തരം നിരീക്ഷിച്ചും ആവശ്യമായ ഘട്ടത്തിൽ താക്കീതുകൾ നൽകിയും കുറ്റവാസനയിൽനിന്ന് പിന്തിരിപ്പിക്കുന്നു. സമൻസുകൾ കൃത്യസമയത്തും വേഗത്തിലും എത്തിക്കുന്നു. വാറന്റ് പുറപ്പെടുവിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനായിട്ടുണ്ട്. സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങൾ വിശദമായി കേട്ട് ആവശ്യമായ നിർദേശം നൽകി നീതി ഉറപ്പാക്കാനായതും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയതും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെ തടയാൻ കഴിഞ്ഞതും ആലത്തൂർ സ്റ്റേഷനെ പുരസ്കാര നിറവിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..