23 December Monday

കുടുംബശ്രീയുടെ 
200 ഓണച്ചന്ത ഇന്നുമുതൽ

സ്വന്തം ലേഖികUpdated: Friday Sep 6, 2024
 
പാലക്കാട്‌
ഇത്തവണയും ഓണത്തിന്‌ കുടുംബശ്രീയുടെ രുചിയും മണവുമൊക്കെ നമ്മുടെ വീടുകളിലെത്തും. ഓണ വിൽപ്പന ലക്ഷ്യമാക്കി 200 വിപണികളാണ്‌ വെള്ളിയാഴ്‌ച മുതൽ  തുറക്കുക. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്തുകൊണ്ട് ജില്ലയിലെ മുഴുവൻ സിഡിഎസുകളിലും സ്ഥിരം മാസച്ചന്തകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കുടുംബശ്രീ. ഓരോ ഇടത്തും ഒന്നിലധികം വിപണന മേള സംഘടിപ്പിക്കും.  സിഡിഎസുകളിൽ സംഘാടക സമിതി രൂപീകരിച്ചു. മൂന്നു മുതൽ ഏഴുദിവസംവരെ നീളുന്ന മേളകളിൽ പച്ചക്കറി, ധാന്യപ്പൊടി, നാടൻ ഭക്ഷ്യോൽപ്പന്നങ്ങൾ, പഴങ്ങൾ, മൂല്യ വർധിത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ, എണ്ണ, കത്തി, കൊണ്ടാട്ടം തുടങ്ങിയവ ലഭിക്കും. കുടുംബശ്രീ സംഘകൃഷിക്കാരുടെ പൂക്കളും ലഭ്യമാകും. കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് മികച്ചവരുമാനവും ഓണം വിപണി ഉറപ്പാക്കും. 
കുടുംബശ്രീ ഓണം വിപണനമേളകൾ പരിപൂർണ പ്ലാസ്റ്റിക് രഹിതമാകണമെന്ന് സിഡിഎസുകൾക്ക് നിർദേശം നൽകിയതായി ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ  കെ കെ ചന്ദ്രദാസ് അറിയിച്ചു.
258.7 ഏക്കറിൽ 
പച്ചക്കറി
60.6 ഏക്കറിൽ 
പൂക്കൃഷി
ജില്ലയിലെ 194 കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ 258.7 ഏക്കറിൽ ഓണം ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്‌തു.  ഒപ്പം 87 ഗ്രൂപ്പുകൾ 60.6 ഏക്കറിൽ പൂക്കൃഷിയും ചെയ്‌തു. ഓണക്കനിയെന്ന പേരിൽ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്‌ തുടങ്ങി. ചീരയും വെണ്ടയും തക്കാളിയും പച്ചമുളകും പടവലവും വഴുതനയും പയറും മത്തനും ചേനയും തുടങ്ങി സദ്യക്കുവേണ്ട എല്ലാ പച്ചക്കറികളുമുണ്ട്‌. നിറപ്പൊലിമയെന്ന പേരിലാണ്‌ പൂക്കൃഷി.   ചെണ്ടുമല്ലിക്കൊപ്പം വാടാമല്ലി, റോസ്, അരളി, ജമന്തി, മുല്ല തുടങ്ങിയവയുമുണ്ട്‌.
ഫ്രഷ്‌ 
ബൈറ്റ്‌സുമുണ്ട്‌
ഓണസദ്യക്ക്‌ ഇലയുടെ അരികിൽ ഇടംപിടിക്കാൻ കുടുംബശ്രീയുടെ ‘ഫ്രഷ്‌ബൈറ്റ്‌സ്‌’ ചിപ്‌സും ശർക്കര വരട്ടിയുമുണ്ട്‌. ജില്ലയിലെ 14 യൂണിറ്റുകളിൽനിന്ന്‌ 50 സംരംഭകർ ചേർന്ന്‌ ക്ലസ്‌റ്റർ രൂപീകരിച്ചാണ്‌ പ്രവർത്തനം. കുടുംബശ്രീ ഓണം വിപണനമേളകൾ വഴിയും വിതരണക്കാരിലൂടെയും കടകളിലൂടെയുമെല്ലാം ഫ്രഷ്‌ബൈറ്റ്‌സ്‌ ഓണവിപണിയിലെത്തും. നൂറു ഗ്രാമിന്റെ പാക്കറ്റിന്‌ 40 രൂപയും 250 ഗ്രാമിന്‌ 100 രൂപയുമാണ്‌ വില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top