പാലക്കാട്
ജില്ലയിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചില്ല. ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെ ലഭിക്കേണ്ടതിനേക്കാൾ 55 ശതമാനം കുറവാണ് പെയ്‌തത്. എന്നാൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്‌ച മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ 2023 ഒക്ടോബർ മുതൽ ഡിസംബർ 31വരെ വടക്കുകിഴക്കൻ കാലവർഷം ജില്ലയിൽ 40 ശതമാനം അധികം കിട്ടിയിരുന്നു.
ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30വരെ പെയ്യുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ മൂന്ന് ശതമാനം മാത്രമാണ് കുറഞ്ഞത്. 1556.1 മില്ലീമീറ്റർ കിട്ടേണ്ടിടത്ത് 1505.4 മില്ലീമീറ്റർ മഴ പെയ്‌തു. സംസ്ഥാനത്താകെ 13 ശതമാനമാണ് മഴക്കുറവ്.
മഴയിൽ അണക്കെട്ടുകളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകിയെത്തിയതിനാൽ ഷട്ടറുകൾ തുറന്നിരുന്നു.
എന്നാലും തുലാവർഷം ശക്തമായി പെയ്‌തെങ്കിലേ രണ്ടാംവിള നെൽക്കൃഷി ഉണങ്ങാതെ രക്ഷപ്പെടുത്താനാകൂ. ഫെബ്രുവരി പകുതിവരെയെങ്കിലും കൃഷിക്ക് വെള്ളം ആവശ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..