പാലക്കാട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ -13 ജില്ലാ മത്സരം 20ന് നടക്കും. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ രാവിലെ 9.30ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു മുഖ്യാതിഥിയാകും. മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്‌ണൻ വിജയികൾക്ക് സമ്മാനം നൽകും.
ക്വിസ് ഫെസ്‌റ്റിവലിന് അനുബന്ധമായി വിദ്യാർഥികളിൽ ശാസ്‌ത്ര അഭിരുചി ലക്ഷ്യമിട്ട് ഇത്തവണ ശാസ്‌ത്ര പാർലമെന്റ് സംഘടിപ്പിക്കുന്നു. പീച്ചി വനഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ഡോ. എ വി രഘു ക്ലാസെടുക്കും. തെരഞ്ഞെടുത്ത 100 ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ശാസ്ത്ര പാർലമെന്റ് നടത്തുക. പങ്കെടുക്കാനുള്ള ലിങ്ക് അടുത്ത ദിവസങ്ങളിൽ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിക്കും.
ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക. മോഹൻലാൽ ബ്രാൻഡ് അംബാസഡറായുള്ള ക്വിസ് പരിപാടിയിൽ സ്കൂൾതലത്തിൽ 40 ലക്ഷം വിദ്യാർഥികൾ പങ്കാളികളായി. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഉപജില്ലയിൽ വിജയിച്ചവർ സാക്ഷ്യപത്രവുമായി മത്സരത്തിനെത്തണം.
ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000 രൂപ സമ്മാനത്തുകയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
ഹൈം ഗൂഗിൾ ടിവിയാണ് മുഖ്യ പ്രായോജകർ, വൈറ്റ്‌മാർട്ട്, വെൻകോബ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്കോ ജ്വല്ലേഴ്സ്, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സ്, വള്ളുവനാട് ഈസി മണി, ഗ്ലോബൽ അക്കാദമി എന്നിവരാണ് സഹപ്രായോജകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..