23 December Monday
നടപടി ദേശാഭിമാനി വാർത്തയെത്തുടർന്ന്

പുതിയ കൽപ്പാത്തിയിലെ റോഡരിക്‌ 
കോൺക്രീറ്റ്‌ ചെയ്യും

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

 

പാലക്കാട്‌
കൽപ്പാത്തിയിൽ രഥമുരുളാൻ ഒരാഴ്‌ച മാത്രം ശേഷിക്കേ പുതിയ കൽപ്പാത്തി അഗ്രഹാരവീഥികളുടെ അരിക്‌ കോൺക്രീറ്റ്‌ ചെയ്യാൻ തീരുമാനം. ആഘോഷക്കമ്മിറ്റികളും സർക്കാരിന്റെ വിവിധവകുപ്പുകളും ഒരുക്കങ്ങൾ തകൃതിയായി നടത്തിയെങ്കിലും ബിജെപി ഭരിക്കുന്ന പാലക്കാട്‌ നഗരസഭ ചെയ്യേണ്ടിയിരുന്ന റോഡ്‌ നന്നാക്കൽ മാത്രം നടന്നില്ല. ഇക്കാര്യം ‘ദേശാഭിമാനി’ തിങ്കളാഴ്‌ച സചിത്രവാർത്ത നൽകിയിരുന്നു.
രഥോത്സവത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കലക്‌ടറുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഓരോവകുപ്പുകളും ചെയ്യേണ്ട പ്രവർത്തനങ്ങൾ നിശ്‌ചയിച്ചിരുന്നു. കൽപ്പാത്തിയിലേക്കുള്ള വഴികളെല്ലാം നന്നാക്കുക, രഥവീഥികൾ അറ്റകുറ്റപ്പണി ചെയ്യുക, പുതിയകൽപ്പാത്തിയിലെ മെക്കാഡം ടാറിങ്‌ നടത്തിയ റോഡിന്റെ അരിക്‌ കോൺക്രീറ്റ്‌ ചെയ്‌ത്‌ നിരപ്പ്‌ ഒപ്പമാക്കുക എന്നിവയാണ്‌ നഗരസഭ ചെയ്യേണ്ടിയിരുന്നത്‌. യോഗം കഴിഞ്ഞ്‌ ഒരുമാസമായിട്ടും ഇക്കാര്യങ്ങളിൽ തീരുമാനമായില്ല. 
മെക്കാഡം ടാറിങ്‌ നടത്തിയ റോഡ്‌ തറനിരപ്പിൽനിന്ന്‌ ഉയർന്നത്‌ തേര്‌ വലിക്കുന്ന സമയത്ത്‌ അപകടത്തിന്‌ ഇടയാക്കുമെന്ന്‌ കൽപ്പാത്തിയിലെ ക്ഷേത്രഭാരവാഹികളാണ്‌ യോഗത്തിൽ ഉന്നയിച്ചത്‌. ഇക്കാര്യത്തിൽ മാത്രമാണ്‌ അവസാനനിമിഷത്തിൽ തീരുമാനമായത്‌.
ദേശാഭിമാനി വാർത്തയെത്തുടർന്ന്‌ ചൊവ്വാഴ്‌ച റോഡരിക്‌ വൃത്തിയാക്കൽ തുടങ്ങി. ബുധനാഴ്‌ച മുതൽ രണ്ടടി വീതിയിൽ കോൺക്രീറ്റിങ്‌ തുടങ്ങും. രഥോത്സവത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന അഗ്രഹാരവീഥിയിൽ തിരക്കിനിടയിൽ നടത്തുന്ന കോൺക്രീറ്റിങ്‌ എത്രത്തോളം ഫലവത്താകുമെന്ന്‌ ഉറപ്പില്ല. രഥമുരുളുന്ന മറ്റ്‌ റോഡുകളിലെ അറ്റകുറ്റപ്പണി ഇതുവരെ തുടങ്ങിയിട്ടില്ല. 13–-നാണ്‌ ഒന്നാംതേര്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top