വടക്കഞ്ചേരി
മൂലങ്കോട്ടിലെ ഒരു ഗ്രാമമാകെ വിമാനയാത്രയ്‌ക്ക് സജ്ജമാകുകയാണ്. വിമാനയാത്ര സ്വപ്‌നം മാത്രമായിരുന്ന അനവധിപേരുടെ ജീവിതാഭിലാഷം യാഥാർഥ്യമാകുകയാണ്.
മൂലങ്കോട് ജനകീയവായനശാല ആൻഡ് കലാസമിതി നേതൃത്വത്തിൽ എല്ലാവർഷവും നടത്താറുള്ള വിനോദയാത്രയുടെ ഭാഗമായാണ് ഇത്തവണ ഒരു ഗ്രാമമാകെ വിമാനത്തിൽ പറക്കുന്നത്. മൂലങ്കോട്, കാരപ്പാടം പ്രദേശത്തെ 128 പേരാണ് വ്യാഴാഴ്ച വിമാനത്തിൽ നെടുമ്പാശേരിയിൽനിന്ന് ബംഗളൂരുവിലേക്ക് പറക്കുന്നത്. രണ്ടുദിവസം ബംഗളൂരുവിൽ കറങ്ങിയശേഷം ഞായറാഴ്ച ട്രെയിനിൽ നാട്ടിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
ഒമ്പതുമാസമായ എയ്‌വ മുതൽ 74 വയസ്സുള്ള രാധവരെയുണ്ട് സംഘത്തിൽ. 128ൽ 96 പേർ ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. വായനശാലയുടെ നേതൃത്വത്തിൽ ആഴ്ചതോറും നിശ്ചിത തുക സ്വരൂപിച്ചാണ് യാത്രക്കുള്ള തുക കണ്ടെത്തുന്നത്. യാത്രക്കാരിൽ ഏറെയും സാധാരണക്കാരാണ്. അഞ്ചുവർഷം മുമ്പാണ് വായനശാലയുടെ നേതൃത്വത്തിൽ വിനോദയാത്ര ആരംഭിച്ചത്.
ആദ്യമൊക്കെ ബസിൽ വിവിധ സ്ഥലങ്ങളിൽ പോയിരുന്നു. കഴിഞ്ഞവർഷം ട്രെയിനിൽ ഗോവയിലേക്ക് പോയി. വായനശാലാ പ്രസിഡന്റ് പി മോഹനൻ, സെക്രട്ടറി കെ മോഹൻദാസ്, കലാസമിതി സെക്രട്ടറി യു അഷറഫ്, പ്രസിഡന്റ് എം ജി ലെനിൻ എന്നിവരാണ് വിനോദയാത്രയ്‌ക്ക് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..