30 December Monday

പാടങ്ങളിൽ ഇലപ്പേനും ഓല കരിച്ചിലും; കർഷകർ ആശങ്കയിൽ

സ്വന്തംലേഖകൻUpdated: Wednesday Aug 7, 2024
കുഴൽമന്ദം
നെൽപ്പാടങ്ങളിൽ ഇലപ്പേനും ഓലകരിച്ചിലും വ്യാപകമായതോടെ ജില്ലയിലെ കർഷകൾ ആശങ്കയിൽ. സാന്തോമൊണാസ് ക്യാമ്പസ്ട്രിസ് ബാക്ടീരിയയാണ് ഓലകരിച്ചിൽ രോഗത്തിന്‌ കാരണം. രണ്ടാഴ്‌ച മുതൽ ഒരുമാസംവരെ പ്രായമായ നെൽച്ചെടികളിലാണ്‌ ഇലപ്പേനിന്റെ ആക്രമണം കൂടുതൽ. നെല്ലിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഇലകളെ ആക്രമിക്കുന്ന കീടമാണ്‌ ഇലപ്പേൻ.  
രോഗം ബാധിച്ച പാടത്തെ മണ്ണ്, വെള്ളം, കളസസ്യങ്ങൾ, വരിനെല്ല്‌, കൊയ്ത്ത്‌ കഴിഞ്ഞ പാടത്തെ വൈക്കോൽ കുറ്റികൾ, നെൽവിത്ത്‌ എന്നിവയിൽ മൂന്നുമാസക്കാലം നിലനിൽക്കാൻ ഓലകരിച്ചിൽ ഉണ്ടാക്കുന്ന ബാക്ടീരിയക്ക്‌ കഴിവുണ്ട്. ചൂടും അന്തരീക്ഷ ഈർപ്പവും കൂടുതലുള്ള സമയം, കാറ്റുള്ള കാലാവസ്ഥ എന്നിവ ബാക്ടീരിയ പെരുകാൻ ഇടയാകും. അതിവേഗം രോഗം വ്യാപിക്കും. 
നെൽച്ചെടികളിൽ നൈട്രജന്റെ അളവ് പൊട്ടാസ്യത്തേക്കാൾ കൂടുതലാണെങ്കിൽ ചെടികളെ ബാക്ടീരിയ വേഗത്തിൽ ആക്രമിക്കും. ഓലകൾ പൂർണമായും കരിഞ്ഞു നശിക്കും. ഓലകരിച്ചിലിനൊപ്പമാണ്‌ ഇലപ്പേനും ഭീഷണിയാകുന്നത്‌. കറുത്ത പേൻ പോലെയുള്ള കീടം നെല്ലോലകളുടെ ഇലകളിൽനിന്ന്‌ നീര്‌ ഊറ്റുന്നതിനാൽ ഇലകളുടെ അറ്റം ചുരുണ്ട്‌ ഉണങ്ങുന്നു. പകൽനേരം പേനുകൾ പറന്ന്‌ മറ്റു നെൽച്ചെടിയിലേക്ക്‌ പരക്കും. കൃഷിഭവനുകളും വിള ആരോഗ്യകേന്ദ്രവും ചേർന്ന്‌ അടുത്തിടെ നടത്തിയ സർവേകളിലാണ്‌ ഇലപ്പേനിന്റെ ആക്രമണം കണ്ടെത്തിയത്‌. നെല്ലിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെയുള്ള ആക്രമണം നെൽക്കർഷകരെ പ്രയാസത്തിലാക്കി. 
ആക്രമണം രൂക്ഷമാകുന്നതോടെ ഇലകൾ മഞ്ഞളിച്ച്‌ തുടങ്ങും. പിന്നീട്‌ കരിയും. തയോമിതോക്‌സം കീടനാശിനി ഏക്കറിന്‌ 50 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആഗ്രോവെറ്റ്‌ പശ ചേർത്ത്‌ ഇലകളിൽ തളിക്കുന്നത്‌ ഫലപ്രദമാണ്‌. മൈക്രോ കോപ്പ് കുമിൾനാശിനി 200 മില്ലി ഒരു ഏക്കറിന് 100 ലിറ്റർ വെള്ളത്തിൽ പശ ചേർത്ത് തളിച്ചാൽ ഓലകരിച്ചിലിനും ഫലപ്രദമാണെന്ന്‌ കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top