08 October Tuesday

കർഷകരെ ചതിച്ച്‌ മഴ; നെൽച്ചെടികൾ വീഴുന്നു

സ്വന്തം ലേഖികUpdated: Monday Oct 7, 2024
 
പാലക്കാട്‌
രണ്ടുദിവസമായി ജില്ലയിൽ പെയ്യുന്ന മഴ കർഷകർക്ക്‌ ദോഷമാകുന്നു. ശനിയും ഞായറും പെയ്‌ത ശക്തമായ മഴയിൽ വിളഞ്ഞ നെൽച്ചെടികൾ വീണു. വീണുപോയവ കൊയ്‌തെടുക്കാൻ തൊഴിലാളികൾ തന്നെവേണം. യന്ത്രങ്ങൾ കൊയ്‌താൽ വൻതോതിൽ നെല്ല്‌ നഷ്ടമാകും. വടക്കുകിഴക്കൻ കാലവർഷം അടുത്തദിവസങ്ങളിൽ ശക്തമാകുമെന്ന്‌ കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ ഉള്ളതിനാൽ വിളഞ്ഞ നെല്ല്‌ എത്രയുംവേഗം കൊയ്‌തെടുക്കാനാണ്‌ കർഷകർ ശ്രമിക്കുന്നത്‌. എന്നാൽ കൊയ്‌തെടുത്ത നെല്ല്‌ നനയാതെ സൂക്ഷിച്ചുവയ്‌ക്കാനുള്ള സംവിധാനമില്ലാത്തത്‌ പ്രതിസന്ധിയാണ്‌. എത്രയുംവേഗം സംഭരണം തുടങ്ങണമെന്നാണ്‌ കർഷകരുടെ ആവശ്യം.
നിലവിൽ 36 മില്ലുകൾ സംഭരണത്തിനായി കരാർ ഒപ്പിട്ടിട്ടുണ്ട്‌. അഞ്ച്‌ മില്ലുകൾക്ക്‌ പാടം അനുവദിച്ചിട്ടുണ്ട്‌. ഈമാസം പകുതിയോടെ എല്ലാ പ്രദേശങ്ങളിലും കൊയ്‌ത്ത്‌ സജീവമാകും. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽതന്നെ സംഭരണവും സജീവമാക്കുമെന്ന്‌ സപ്ലൈകോ അധികൃതർ അറിയിച്ചിട്ടുണ്ട്‌. ലോഡിങ് പോയന്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്‌ താൽക്കാലിക പരിഹാരമുണ്ടാക്കിയിട്ടുണ്ട്‌. ഒരു പാടശേഖരസമിതിക്ക്‌ ഒരു പോയന്റ്‌ എന്ന നിലയിലാണ്‌ നിലവിൽ കൃഷിവകുപ്പ്‌ ലൊക്കേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്‌. നെല്ലെടുക്കുന്ന സ്വകാര്യ മില്ലുടമകളുമായി നേരത്തേ ചർച്ചകൾ നടത്തിയതിനാൽ മില്ലുകാരുടെ ഭാഗത്തുനിന്ന്‌ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ കർഷകർക്ക്‌ നൽകുന്ന പ്രോത്സാഹന ബോണസ്‌ തുക ഉയർത്തുന്നവിഷയം സർക്കാരിന്റെ പരിഗണനയിലുണ്ട്‌. 
നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോ ഗ്യാരന്റിനിന്ന് പൊതുമേഖലാ ബാങ്കുകളിൽ തുക വായ്‌പയെടുത്ത്‌ പിആർഎസ് വായ്പയായാണ്‌ കർഷകർക്ക് നൽകുന്നത്‌. കർഷകർക്ക് സാമ്പത്തികബാധ്യതവരാതെ കൃത്യമായി തിരിച്ചടയ്‌ക്കുന്നുണ്ട്‌. കേന്ദ്ര സർക്കാർ കൃത്യമായി തുക സംസ്ഥാനത്തിന്‌ ലഭിക്കാത്ത സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ വായ്‌പയെടുത്ത്‌ തുക നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top