പാലക്കാട്
ഇൻഡസ്‌ട്രിയൽ സ്‌മാർട് സിറ്റി പദ്ധതി പൂർത്തിയാവുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് മന്ത്രി പി രാജീവ്. മാനേജ്മെന്റ് അസോസിയേഷൻ(പിഎംഎ) സംഘടിപ്പിച്ച കോഫീ വിത്ത് പോളിസി മേക്കേഴ്‌സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ ഒരുലക്ഷം ആളുകൾക്ക് തൊഴിൽ നൽകാനാവും. വ്യവസായ വിപുലീകരണത്തിന് ആഗോള പ്രാധാന്യമുള്ള സ്ഥലമായി പാലക്കാടിനെ മാറ്റും. വ്യവസായ മേഖലകളിൽ വരുന്ന നിക്ഷേപങ്ങൾ സംസ്ഥാനത്തെ മികവുറ്റതാക്കും. ഇതിന്റെ ഗുണം സംരംഭകർക്കും ലഭ്യമാക്കും. വ്യത്യസ്‌തമായ രീതിയിലാണ് സ്‌മാർട്ട് സിറ്റി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
മാളുകൾ, ഹോട്ടൽ, ഫ്ലാറ്റ്, കാറ്റാടികൾ, റീസൈക്ലിങ് സെന്റർ എന്നിവ ഒരുക്കും. വലിയ വ്യവസായ സംരംഭങ്ങളെ ജില്ലയിലേക്ക് കൊണ്ടുവരും. പദ്ധതി ചെലവിന്റെ 50 ശതമാനവും സർക്കാർ ഇതിനകം ചെലവഴിച്ചു. കഞ്ചിക്കോട് കോച്ച്‌ഫാക്ടറി സ്ഥലം തിരിച്ചു കിട്ടാനായി റെയിൽവേ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. ഇതുകിട്ടിയാൽ സ്‌മാർട് സിറ്റിയോടു ചേർക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
"വിഷൻ 2030' ചെയർമാൻ ഡോ. സി എ ജയരാജൻ മന്ത്രിമാരായ പി രാജീവിനും എം ബി രാജേഷനും കൈമാറി. സർക്കാരിന്റെ വികസന പദ്ധതികളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങൾ എങ്ങനെയെല്ലാം നടപ്പാക്കാനാകും എന്ന് അസോസിയേഷൻ അംഗങ്ങൾ മന്ത്രിയുമായി ചർച്ച നടത്തി. പിഎംഎ പ്രസിഡന്റ് ഡോ. ശിവദാസൻ, സെക്രട്ടറി മുഹമ്മദ് അസിഫ്, ട്രഷറർ സി എ ജയരാജൻ എന്നിവർ സംസാരിച്ചു. സുമേഷ് മേനോൻ മോഡറേറ്ററായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..