പാലക്കാട്
റെയിൽവേയിൽ യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിതപരിശോധനയിൽ പാലക്കാട് ഡിവിഷനിൽ 87.23 ശതമാനം പോളിങ്. ആകെയുള്ള 6,655 വോട്ടർമാരിൽ 5,805 പേർ വോട്ട് രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലെ മൂന്ന് ബൂത്തിലായി 87.33 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 3,080ൽ 2,690 പേരാണ് വോട്ട് ചെയ്തത്.
പാലക്കാട് ബൂത്ത് ഒന്നിൽ 923 പേരും ബൂത്ത് രണ്ടിൽ 847 പേരും ഷൊർണൂരിൽ 920 പേരും വോട്ട് ചെയ്‌തു. 12നാണ് വോട്ടെണ്ണൽ. ബാലറ്റ് പെട്ടികൾ ഒലവക്കോട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിക്കും. അവിടെയാണ് വോട്ടെണ്ണൽ. വൈകിട്ടോടെ ഫലം അറിയാൻ സാധിക്കും.
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു), ദക്ഷിണ റെയിൽവേ കാർമിക് സംഘ്, സതേൺ റെയിൽവേ എംപ്ലോയീസ് സംഘ്, സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ എന്നിവയാണ് പ്രധാനമായും അംഗീകാരത്തിനായി മത്സരിക്കുന്ന സംഘടനകൾ.
2013നുശേഷം11 വർഷത്തെ ഇടവേള കഴിഞ്ഞാണ് റെയിൽവേയിൽ ട്രേഡ് യൂണിയൻ ഹിതപരിശോധന നടക്കുന്നത്. 2019ൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നടത്താൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് ഡിആർഇയു ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..