പാലക്കാട്
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൽ മൂന്നുവാർഡുകൾ വരെ വർധിച്ചത് ഒമ്പത് പഞ്ചായത്തുകളിൽ. പട്ടിത്തറ, കൊപ്പം, നെല്ലായ, തിരുവേഗപ്പുറ, വല്ലപ്പുഴ, അമ്പലപ്പാറ, കാരാകുറുശി, കുമരംപുത്തൂർ, പിരായിരി എന്നീ പഞ്ചായത്തുകളിലാണ് മൂന്നുവീതം വാർഡുകൾ വർധിക്കുന്നത്. തൃക്കടീരി, തച്ചമ്പാറ, അഗളി, ഷോളയൂർ എന്നിവ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും വാർഡുകൾ കൂടി.
44 പഞ്ചായത്തുകളിൽ രണ്ടുവീതം വാർഡുകൾ വർധിക്കും. 31 പഞ്ചായത്തുകളിൽ ഓരോ വാർഡ് വീതം കൂടി. 88 പഞ്ചായത്തിലായി 146 വാർഡ് വർധിച്ചു. നിലവിലെ 1,490 വാർഡ് 1,636 ആയി.
പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, ചിറ്റൂർ–-തത്തമംഗലം, പട്ടാമ്പി, മണ്ണാർക്കാട് നഗരസഭകളിലായി ഒമ്പത് വാർഡ് കൂടി. ചെർപ്പുളശേരി നഗരസഭയിൽ മാറ്റമില്ല.
1,141 പരാതി; പരിശോധന 18നുള്ളിൽ
തദ്ദേശ വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് സംബന്ധിച്ച് ജില്ലയിൽ ലഭിച്ചത് 1,141 പരാതി. പഞ്ചായത്തുകളിൽനിന്ന് 930 ഉം മുനിസിപ്പാലിറ്റികളിൽനിന്ന് 211 ഉം പരാതികളാണ് ലഭിച്ചത്.
വാർഡുകളുടെ അതിർത്തി പുതുക്കി നവംബർ 18നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഡീലിമിറ്റേഷൻ കമീഷന് ലഭിച്ച പരാതികളിൽ ഇരട്ടിപ്പ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരിശോധിച്ച് അവ ഒഴിവാക്കും. ജില്ലാ പരിശോധന 18നുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം. നീളാനും സാധ്യതയുണ്ട്. അപ്‌ലോഡിങ് പൂർത്തിയാകുന്നതേയുള്ളൂ. ജില്ലയിൽ തീർപ്പാക്കാത്ത പരാതികൾ അപ്പീൽ പോകും. സിറ്റിങ് തീയതി അടുത്തയാഴ്‌ച നിശ്ചയിക്കും.
രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത്, മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് എന്നിവയുടെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരിശോധന നടക്കും. പരാതികളും അന്വേഷണ റിപ്പോർട്ടും നേരിൽകേട്ട് വിവരങ്ങളും പരിശോധിച്ചാണ് കമീഷൻ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..