22 November Friday
സർക്കാരിന്റെ കരുതൽ

ജോലിക്കാരായി 14 പെൺകുട്ടികൾ

നന്ദന രാജ്‌Updated: Thursday Feb 8, 2024

ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ പദ്ധതിയിൽ ജോലി ലഭിച്ചവർക്ക് പ്രസിഡന്റ്‌ കെ ബിനുമോൾ നിയമന ഉത്തരവ്‌ കെെമാറിയപ്പോൾ

 
പാലക്കാട്‌
വൻകിട കമ്പനികളിൽ മികവാർന്ന ജോലി, അത്‌ ഒരു സ്വപ്‌നമായി അവശേഷിക്കുമായിരുന്നു ഇവർക്ക്‌. പരിശീലനത്തിന്‌ വരുന്ന ഭാരിച്ച ചെലവ്‌, തൊഴിൽ കണ്ടെത്താനുള്ള മാർഗം ഇതെല്ലാം അന്യമായ ഒരു വിഭാഗത്തെ കൈപിടിച്ചുയർത്തുകയാണ്‌ സംസ്ഥാന സർക്കാർ. ഒരുമിച്ച്‌ പരിശീലനം നേടി, ഒരുമിച്ച്‌ ജോലിക്ക്‌ കയറിയ സന്തോഷത്തിലാണ്‌ 14 പെൺകുട്ടികൾ. ഇവർക്കായി സർക്കാർ ചെലവഴിച്ചതാകട്ടെ 33 ലക്ഷം. ഒരു വിദ്യാർഥിക്ക്‌ പത്തുമാസത്തെ കോഴ്‌സ്‌ ഫീസ്‌, ഭക്ഷണം, താമസം, യാത്ര ബത്ത, പോസ്റ്റ്‌ പ്ലേസ്‌മെന്റ്‌ സപ്പോർട്ട്‌ ഉൾപ്പെടെ 1,67,400 രൂപ വീതം 20 പേർക്ക്‌ 33 ലക്ഷത്തോളം രൂപയാണ്‌ വകയിരുത്തിയത്‌. 
പരീശീലനത്തിനിടയിൽ ആറുകുട്ടികൾ വിവിധ കാരണങ്ങളാൽ കോഴ്‌സ്‌ നിർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്‌ വിദ്യാർഥികളിലേറെയും. എൻടിടിഎഫുമായി സഹകരിച്ച് നടത്തിയ ജില്ലാപഞ്ചായത്തിന്റെ തന്നെ പട്ടികജാതി–- വർഗ വിദ്യാർഥികൾക്ക്‌ തൊഴിൽ ലഭ്യമാക്കൽ പദ്ധതിയിലൂടെ ഇരുപതോളം വിദ്യാർഥികൾ വിദേശങ്ങളിൽ തൊഴിൽ നേടിയിട്ടുണ്ട്‌. 
ജില്ലാ പഞ്ചായത്ത് പട്ടിക വർഗ വികസന വകുപ്പ് തൊഴിൽനൈപുണ്യവികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കിയ സിഎൻസി ടേർണിങ്‌ ആൻഡ്‌ വെർട്ടിക്കൽ മില്ലിങ്‌ മെഷീൻ കോഴ്സിലൂടെയാണ്‌ 14 പെൺകുട്ടികൾ തൊഴിൽ നേടിയത്‌. സൗത്ത്‌ ഇന്ത്യയിൽ അയേൺ കാസ്‌റ്റിങ്‌ ആൻഡ്‌ കമ്പോണൻസ്‌ നിർമാണത്തിൽ മുന്നിലുള്ള കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലെ  അഞ്ചുകമ്പനികളിലായി മികച്ച വരുമാനത്തോടു കൂടിയാണ്‌ 14 പേർക്കും ജോലി ലഭിച്ചത്‌. 
എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ വിജയിച്ച 20 കുട്ടികളെ പരീക്ഷ, അഭിമുഖം, കൗൺസലിങ്‌ എന്നിവയിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്‌ തലശേരിയിലെ റെസിഡൻഷ്യൽ ട്രെയിനിങ്‌ സെന്ററിൽ കഴിഞ്ഞവർഷം സെപ്‌തംബറിൽ പരിശീലനം തുടങ്ങി. ജില്ലാപട്ടികവർഗ വികസന ഓഫീസ്‌ തലശേരി നെട്ടൂർ ടെക്‌നിക്കൽ ഫൗണ്ടേഷൻ മുഖേനയായിരുന്നു പരിശീലനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top