24 November Sunday
ദേശീയ പ്രസിഡന്റ്‌ പദവി മറച്ചുവച്ചതിൽ കലാപം

കേന്ദ്ര മന്ത്രിയുടെ ചർച്ചയ്‌ക്ക്‌ 
ബിജെപി ജില്ലാ പ്രസിഡന്റിന്റെ ക്ഷണക്കത്ത്‌

പ്രത്യേക ലേഖകൻUpdated: Thursday Feb 8, 2024
പാലക്കാട്‌
കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി വികസന കാര്യങ്ങൾ ചർച്ചചെയ്യാനുള്ള ക്ഷണക്കത്ത്‌ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരിൽ ഇറക്കിയതിൽ പാർടിക്കകത്ത്‌ കലാപം.  ഇത്തരം ചർച്ച സംഘടിപ്പിക്കാൻ ബിജെപി ജില്ലാപ്രസിഡന്റിന്‌ എന്ത്‌ അവകാശമാണുള്ളതെന്നാണ്‌ ഉയരുന്ന ചോദ്യം. ജില്ലാ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ പരിപാടിയിൽ ദേശീയ പ്രസിഡന്റ്‌ എന്ന പദവി മറച്ചുവച്ചത്‌ ബോധപൂർവമാണെന്നും പാലക്കാട്ടെ വിമതർ അദ്ദേഹത്തിന്‌ പരാതി നൽകാനുള്ള ശ്രമം തടയുകയാണ്‌ ഇതിന്‌ പിന്നിലെന്നും പറയുന്നു. 
ഞായറാഴ്‌ച ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലാണ്‌ പ്രസിഡന്റ്‌ ജെ പി നദ്ദയുമായി ഒരു പാലക്കാടൻ വികസന ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്‌. ഇതിനായി ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസിന്റെ പേരിൽ ഇറക്കിയ ക്ഷണക്കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി എന്നാണ്‌ സൂചിപ്പിച്ചിരിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ എയിംസ്‌ വരുമെന്ന്‌ വാഗ്‌ദാനം നൽകിയാണ്‌ ബിജെപി വോട്ടർമാരെ സമീപിച്ചത്‌. അതിന്റെ പ്രചാരണത്തിന്‌ വലിയ തുക കേന്ദ്ര നേതൃത്വത്തിൽനിന്ന്‌ വാങ്ങുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാർ എയിംസിനായി കോഴിക്കോട്‌ സ്ഥലം ഏറ്റെടുത്ത്‌ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട്‌ നടപ്പാക്കുന്നില്ല എന്ന ചോദ്യം ഉയരുമെന്നും പ്രവർത്തകർ പറയുന്നു.  
ജില്ലാ നേതൃത്വത്തിന്റെ സാമ്പത്തിക അഴിമതിയും ഗ്രൂപ്പിസവും സംബന്ധിച്ച്‌ ദേശീയ പ്രസിഡന്റിന്‌ പരാതി നൽകാനുള്ളവരുടെ എണ്ണം കൂടിവരുന്നതായും പറയുന്നു. 
പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിക്കൽ, സ്വന്തം നേതാവിന്റെ വീടാക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ സംസ്ഥാന നേതാവ്‌ ചുമതലപ്പെടുത്തിയത്‌, കണക്ക്‌ ചോദിക്കുന്നവരെ ഒഴിവാക്കി ജില്ലാ ഭാരവാഹിയോഗം ചേരുന്നത്‌, ജില്ലാ കമ്മിറ്റി ഓഫീസ്‌ നിർമാണത്തിലെ ഫണ്ട്‌ തിരിമറി തുടങ്ങിയവയും പരാതികളായി നദ്ദയുടെ മുന്നിലെത്തിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top