പാലക്കാട്
ലഹരിവസ്‌തുക്കൾക്കെതിരായ അവബോധം പ്രചരിപ്പിക്കാനുള്ള നശമുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) പദ്ധതിയിലേക്ക് ജില്ല തെരഞ്ഞെടുക്കപ്പെട്ടിട്ടും ഫണ്ട് നൽകാതെ കേന്ദ്രം. 2023ലാണ് അപേക്ഷ നൽകിയത്. സാമൂഹ്യനീതിവകുപ്പ് കേന്ദ്രത്തിന് നൽകിയ ആക്‌ഷൻ പ്ലാൻ അംഗീകരിക്കുകയും ചെയ്‌തു. ഫണ്ട് ലഭിച്ചാൽ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ലഹരിവിമുക്ത പരിപാടികൾക്ക് കൂടുതൽ സഹായകമാകുമായിരുന്നു.
നിരവധിതവണ കേന്ദ്രത്തിന് അപേക്ഷ നൽകിയ ശേഷമായിരുന്നു എൻഎംബിഎ പദ്ധതിയിൽ പാലക്കാട്, തൃശൂർ ജില്ലകളെ ഉൾപ്പെടുത്തിയത്. സാമൂഹ്യനീതി വകുപ്പിന്റെ നിരന്തര ഇടപെടലാണ് പദ്ധതിയിലേക്ക് വഴിതുറന്നത്. 20 ലക്ഷത്തിന്റെ നിർദേശം നൽകിയെങ്കിലും ആദ്യഘട്ടം പത്ത് ലക്ഷം രൂപ ഇരു ജില്ലകൾക്കും അനുവദിച്ചതായി അറിയിച്ചിരുന്നു.
എക്‌സൈസ്, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. ബോധവൽക്കരണ ക്യാമ്പുകൾ നടത്താനായി പാലക്കാട് ജില്ലയിൽ പത്തുപേരെയാണ് തെരഞ്ഞെടുത്തത്. ഇവർക്കുള്ള പരിശീലനം കോഴിക്കോട് ഇംഹാൻസിൽ (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) മാസങ്ങൾക്കുമുമ്പേ നൽകിയിരുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെടുമ്പോഴെല്ലാം ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് മറുപടി. കഴിഞ്ഞ മാസം എൻഎംബിഎ പദ്ധതി കോ–-ഓർഡിനേറ്റർ ജില്ലാ ഓഫീസ് സന്ദർശിച്ച് യോഗം വിളിച്ചിരുന്നു. ഫണ്ട് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. 2021 ജൂൺ 26നാണ് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്. ബോധവൽക്കരണ പരിപാടികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി കാമ്പസുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ മയക്കുമരുന്നിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുക, ജിയോ ടാഗ് ചെയ്‌ത ആശുപത്രികളിലെയും പുനരധിവാസകേന്ദ്രങ്ങളിലെയും കൗൺസലിങ്ങിലും ചികിത്സാസൗകര്യങ്ങളിലും ശ്രദ്ധിക്കുക എന്നിവയാണ് ലക്ഷ്യം.
ഒന്നാംഘട്ടത്തിൽ 272 ജില്ലകളെ രാജ്യത്ത് തെരഞ്ഞെടുത്തപ്പോൾ കേരളത്തിൽനിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകൾ ഇടംപിടിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ നൂറ് ജില്ലകളെ കൂടി ഉൾപ്പെടുത്തിയപ്പോഴാണ് പാലക്കാടും തൃശൂരും ഇടംപിടിച്ചത്. ഒരുവർഷം കഴിഞ്ഞിട്ടും ഫണ്ട് ലഭിക്കാത്തതിനാൽ 2024ൽ തുടങ്ങാനാകുമെന്ന പ്രതീക്ഷയ്‌ക്കും മങ്ങലേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..