20 December Friday

ടാക്‌സിഡ്രൈവറുടെ കൊലപാതകം:
പ്രതികൾക്ക് 1.70 ലക്ഷം വീതം പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024
പാലക്കാട്‌
ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി കാറുമായി മുങ്ങിയ കേസിൽ പ്രതികൾക്ക്‌ 1,70,000 രൂപ വീതം പിഴ. ചെന്നൈ സ്വദേശികളായ എഡ്വിൻ ജനരാജ് (45), ജയകുമാർ (46) എന്നിവർക്കാണ്‌ വിവിധ വകുപ്പുകളിലായി പിഴ ചുമത്തിയത്‌. മറ്റ്‌ രണ്ട്‌ പ്രതികൾ വിചാരണയ്‌ക്കിടെ മരണപ്പെട്ടിരുന്നു. പിഴത്തുക കൊല്ലപ്പെട്ട രാജേന്ദ്രബാബുവിന്റെ കുടുംബത്തിന്‌ നൽകാനും കോടതി വിധിച്ചു.
   1992 ഒക്ടോബറിലാണ്‌ സംഭവം. എഡ്വിൻ ജനരാജ്‌,  ജയകുമാർ, അളകരാജ് (രാജ), ശേഖർ എന്നിവർ ചേർന്ന് ഷൊർണൂർ ടാക്‌സിസ്‌റ്റാൻഡിൽനിന്ന്‌ പയ്യ്‌ങ്കുളം സ്വദേശി രാജേന്ദ്രബാബുവിന്റെ കാർ വാടകയ്‌ക്ക്‌ വിളിച്ചു. രാത്രി ഏഴരയോടെ കഞ്ചിക്കോട് വ്യവസായമേഖലയിൽ ക്രൈസ് മിഠായികമ്പനിയുടെ മുന്നിൽ ഡ്രൈവറുടെ നെഞ്ചിൽ കത്തികൊണ്ട്‌ കുത്തിപരിക്കേൽപ്പിച്ചശേഷം പുറത്തേക്ക്‌ വലിച്ചിട്ട്‌ കാർ മോഷ്ടിച്ചു. പരിക്കേറ്റ രാജേന്ദ്രബാബു പിന്നീട്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ മരിച്ചു.
അന്നത്തെ വാളയാർ സബ് ഇൻസ്പെക്ടർ പി രാധാകൃഷ്ണൻ, സർക്കിൾ ഇൻസ്‌പെക്ടർ എം പി  ദിനേഷ് എന്നിവരാണ്‌ കേസ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷൻ 44 രേഖകൾ ഹാജരാക്കി. 26 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി അനിൽ, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ റെഡ്സൻ സ്കറിയ എന്നിവർ ഹാജരായി. 
കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന്‌ പാലക്കാട് ഫാസ്റ്റ് ട്രാക്ക് നമ്പർ 2 കോടതി ജഡ്ജി  എൽ ജയവന്ത്‌ കണ്ടെത്തിയിരുന്നു. എന്നാൽ, സംഭവസമയത്ത്‌ പ്രതികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ ശിക്ഷ ഉത്തരവ് പുറപ്പെടുവിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അയച്ച് കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ആർ അനിത രണ്ട്‌ പ്രതികൾക്ക്‌ ശിക്ഷ വിധിച്ചത്. 1992 ൽ സംഭവമുണ്ടാകുമ്പോൾ 16 വയസിനുമുകളിലായതിനാൽ പ്രതികളെ മുതിർന്നവരുടെ കോടതിയിലാണ്‌ വിചാരണ നടത്തിയത്‌. 
എന്നാൽ 2000–-ത്തിൽ നിയമം പരിഷ്‌കരിച്ചതോടെ ജുവനൈൽപരിധി 18 വയസായി. മുതിർന്നവരുടെ കോടതിയിൽ വിചാരണ നടത്തിയശേഷം ശിക്ഷ വിധിക്കുന്നത്‌ ജുവനൈൽ കോടതിക്ക്‌ വിടുകയായിരുന്നു. 
കൊല്ലപ്പെട്ട രാജേന്ദ്രബാബുവിന്റെ കുടുംബത്തിന്റെ കൂടുതൽ വിവരങ്ങൾ നിയമ സേവനഅതോറിറ്റി മുഖേന അന്വേഷിച്ച്‌ കൂടുതൽ സഹായം ആവശ്യമെങ്കിൽ കൊടുക്കണമെന്നും  പാലക്കാട് ഫാസ്റ്റ് ട്രാക്ക് നമ്പർ 2 കോടതി  വിധിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top