21 November Thursday

നരയ‍്ക്കില്ലൊരിക്കലും മനസ്സ്‌, 
പഠനമാർഗത്തിൻ തുടിപ്പ്‌

നന്ദന രാജ്‌Updated: Sunday Sep 8, 2024

എക്സ്ക്യൂസ്‌മി, ഏത് സ്കൂളിലാ... ജില്ലാ പഞ്ചായത്ത് ഹാളിൽ സാക്ഷരതാ മിഷന്റെ പുതിയ പ്ലസ്‌ടു, എസ്എസ്എൽസി ബാച്ചിന്റെ ഉദ്‌ഘാടനത്തിനെത്തിയ പ്ലസ്‌ടു വിദ്യാർഥി എഴുപത്തിനാലുകാരി അലനല്ലൂർ സ്വദേശിനി ശ്രീദേവി അമ്മയോട് കുശലം പറയുന്ന അരക്കുറുശി ജിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇസാന ഫാത്തിമ ഫോട്ടോ: ശരത് കൽപ്പാത്തി

 
പാലക്കാട്‌
‘‘തലനരച്ചെന്നും പല്ലില്ലെന്നും തോന്നാറില്ല. ഞാനിപ്പോൾ പ്ലസ്‌ടു വിദ്യാർഥിയാണ്‌. വൈകിയെങ്കിലും പഠനം തുടരാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്‌’’–- അലനല്ലൂർ സ്വദേശിയായ എഴുപത്തിനാലുകാരി ശ്രീദേവിയമ്മയുടെ വാക്കുകൾ. സാക്ഷരതാമിഷന്റെ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർഥിയാണ്‌ ഇവർ. 1967ൽ 254 മാർക്കോടെ എസ്‌എസ്‌എൽസി പാസായി. ഒന്നര വർഷത്തോളം പാണ്ടിക്കാട്‌ ബാലവാടിയിൽ ക്ലാസെടുത്തു. വിവാഹത്തോടെ പഠനം നിലച്ചു. തുടർപഠനത്തിന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. സാക്ഷരതാമിഷനിലൂടെ അവസരം കിട്ടിയപ്പോൾ മറ്റൊന്നും നോക്കിയില്ല. രണ്ടും കൽപ്പിച്ചിറങ്ങി. എന്തുകിട്ടിയാലും വായിക്കും. ധാരാളം എഴുതും. വീടിനടുത്തുള്ള അലനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ ക്ലാസ്‌. പ്ലസ്‌ വൺ 73 ശതമാനം മാർക്കോടെ പാസായി. പ്ലസ്‌ടു അതിലും മികച്ച മാർക്കോടെ വിജയിക്കുകയാണ്‌ ലക്ഷ്യം. ഹ്യുമാനിറ്റീസാണ്‌ വിഷയം. മനസ്സിൽ ഒതുക്കിവയ്‌ക്കാനുള്ളതല്ല ആഗ്രഹങ്ങൾ. പഠിക്കാൻ സാഹചര്യമില്ലാതിരുന്ന കാലത്തുനിന്നും ഒരുപാട്‌ മാറ്റം വന്നിരിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക്‌ പഠിക്കാൻ അവസരങ്ങൾ നിരവധിയാണ്‌. മക്കളുടെയും കൊച്ചുമക്കളുടെയും പ്രായമുള്ളവരാണ്‌ സഹപാഠികൾ. അമ്മേ, അമ്മാമ്മേ എന്നുവിളിച്ച്‌ അവർ നൽകുന്ന പിന്തുണ വലുതാണ്‌. പ്രായത്തിന്റേതായ ഓർമക്കുറവുണ്ട്‌. പരീക്ഷാ സമയത്ത്‌ പുലർച്ചെ 4:30ന്‌ എണീറ്റ്‌ പഠിക്കും. സാക്ഷരതാമിഷൻ പ്രേരക്‌ സിൽബിയും കുടുംബവും എല്ലാത്തിനും കൂട്ടായുണ്ട്‌. കവയിത്രികൂടിയായ ശ്രീദേവിയമ്മ സാക്ഷരതാദിനാചരണത്തിന്റെ ഉദ്ഘാടനത്തിൽ ‘ഹരിത കേരളം ശുചിത്വ കേരളം, ജാഗരൂകരാകുവിൻ അമ്മമാരെ നിങ്ങൾ പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ രക്ഷിക്കണം നാടിനെ' എന്ന സ്വന്തം കവിത പാടിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ്‌ സദസ്സ് എതിരേറ്റത്‌. ഭർത്താവ്‌: പരേതനായ രാമചന്ദ്രൻ. മക്കൾ: സുരേഷ്‌ബാബു, ജയപ്രകാശൻ, ശ്രീലത, മരുമക്കൾ: രമ്യ, രാധാമണി, ശിവദാസൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top