04 November Monday

കൽപ്പാത്തി രഥോത്സവം; ആലോചനായോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
പാലക്കാട്‌
നവംബർ 13,14,15 തീയതികളിൽ നടക്കുന്ന കൽപ്പാത്തി രഥോത്സവത്തിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പും ഉറപ്പാക്കാൻ ആലോചനയോഗം ചേർന്നു. രഥോത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ പൊലീസിന് നിർദേശം നല്‍കി. 
കല്‍പ്പാത്തിപ്പുഴ പരിസരവും രഥോത്സവം നടക്കുന്ന സ്ഥലങ്ങളും കൃത്യമായി പരിശീലനം ലഭിച്ച ജീവനക്കാരാല്‍ ശുചീകരിക്കും. കുടിവെള്ളം ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി അധികൃതർക്ക്‌ നിർദേശം നൽകി. നിരോധിത പ്ലാസ്റ്റിക് ഉപയോഗം പാടില്ല. ഹരിതചട്ടം പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കൃത്യമായ പരിശോധനകളും നിർദേശങ്ങളും നൽകണം. രഥോത്സവ വേളയിൽ പ്രദേശത്ത് സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ ജില്ലാ സപ്ലൈ ഓഫീസർ കൃത്യമായ പരിശോധന നടത്തണം. ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആരോഗ്യ-ശുചിത്വം ഉറപ്പാക്കണം. 
ഭക്ഷ്യസുരക്ഷയിൽ വകുപ്പും ശ്രദ്ധ കേന്ദ്രീകരിക്കണം. അലക്ഷ്യമായി കിടക്കുന്ന കെഎസ്ഇബി വയറുകൾ നീക്കം ചെയ്യണം. അലക്ഷ്യമായ വയറുകൾ നീക്കം ചെയ്യാൻ കേബിൾ ഓപ്പറേറ്റർമാരുടെ യോഗം വിളിക്കാൻ കലക്ടർ എഡിഎമ്മിന് നിർദേശം നൽകി. എഡിഎം കെ മണികണ്ഠൻ, എഎസ്‌പി അശ്വതി ജിജി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തിരക്ക് നിയന്ത്രിക്കാൻ നാലിടത്ത്‌ പാർക്കിങ്
പാലക്കാട്‌
രഥോത്സവ വേദിയിലെ തിരക്ക് നിയന്ത്രിക്കാൻ നാലിടങ്ങളിൽ പാർക്കിങ് ഏർപ്പെടുത്തും. മന്തക്കര അമ്പലത്തിന് പിൻവശം, റോസി സ്‌കൂൾ (ചാത്തപുരം അങ്കണവാടിക്ക് സമീപം), ഓൾഡ് റോസി സ്‌കൂൾ (യങ്‌ ഇന്ത്യ അക്കാദമി, കൽപ്പാത്തി), പന്ത്രണ്ടാംതെരുവ്‌ പരിസരം എന്നിങ്ങനെ നാല് പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. 
കൽപ്പാത്തിപ്പുഴയോരത്ത് അഗ്നിരക്ഷാസേനയുടെ പ്രത്യേക ശ്രദ്ധയുണ്ടാകണം. പുറമേ അഗ്നിരക്ഷാ സംവിധാനവും സജ്ജമാക്കണമെന്നും സിവിൽ ഡിഫൻസ് വിഭാഗത്തിൽനിന്ന് 100 പേരെ സജ്ജീകരിക്കണമെന്ന്‌ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. രഥസംഗമദിനമായ നവംബർ 15ന് ആംബുലൻസ് സംവിധാനം അഞ്ചിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. ഇരുപതിടങ്ങളിൽ സിസിടിവിയും ആവശ്യമുള്ളിടത്ത് ലൈറ്റോടെയുളള സൂചനാ ബോർഡുകളും സ്ഥാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top