15 November Friday

ഡിജിറ്റൽ വിള സർവേ അവസാനഘട്ടത്തിൽ

ബിമൽ പേരയംUpdated: Tuesday Oct 8, 2024
പാലക്കാട്‌
കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രിസ്‌റ്റാക്‌) പദ്ധതിയുടെ ഭാഗമായി 2024 ഖാരിഫ്‌ സീസണിലെ ഡിജിറ്റൽ വിള സർവേ ജില്ലയിൽ അവസാനഘട്ടത്തിൽ. 84 വില്ലേജിലാണ്‌ ഒരേസമയം സർവേ നടക്കുന്നത്‌. ആഗസ്‌തിൽ തുടങ്ങി ഒക്‌ടോബറിൽ പൂർത്തിയാക്കണമെന്നാണ്‌ നിർദേശം. ഇതിനായി ഊർജിത പ്രവർത്തനമാണ്‌ നടക്കുന്നത്‌. 
കൃഷിഭവനുകൾക്കാണ്‌ സർവേയുടെ മേൽനോട്ടം. ഐടി അധിഷ്‌ഠിത സാങ്കേതികവിദ്യകളെയും വിവിധ ഡാറ്റാ ബാങ്കുകളെയും സമാഹരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയാണ്‌ ഡിജിറ്റൽ വിള സർവേ. ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ സർവേയർമാർക്ക്‌ ലഭിക്കും. ഈ ഭൂമി എന്തിനൊക്കെയാണ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌ എന്നതാണ്‌ പ്രധാനമായും ശേഖരിക്കുന്നത്‌. വിളകൾ തിരിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തും. ബ്ലോക്കുകളിൽനിന്നാണ്‌ സർവേയർമാരെ നിയമിച്ചത്‌. 1,500 പ്ലോട്ടാണ്‌ ഒരാൾക്ക്‌ സർവേ ചെയ്യേണ്ടത്‌. നെറ്റ്‌വർക്ക്‌ തകരാർ സർവേയെ മന്ദഗതിയിലാക്കിയിട്ടുണ്ട്‌. 
 പാലക്കാട്‌, ആലപ്പുഴ, വയനാട്‌ ജില്ലകളിലാണ്‌ ക്രോപ്‌ സർവേ നടക്കുന്നത്‌. രണ്ടാംഘട്ടത്തിൽ മറ്റു ജില്ലകളിലും സർവേ നടക്കും. ക്രോപ്‌ സർവേയർമാരെ കണ്ടെത്താനും പ്രതിസന്ധിയുണ്ട്‌. കഴിഞ്ഞവർഷം സർവേ നടത്തിയതിന്റെ വേതനം നൽകാൻ കേന്ദ്രസർക്കാരിൽനിന്ന്‌ താമസമുണ്ടായതിനാൽ ഈ വർഷം സർവേയ്‌ക്ക്‌ വരാൻ പലരും മടിച്ചു. ആലപ്പുഴയിൽനിന്ന്‌ രണ്ട്‌ ജീവനക്കാർ മാറിയതുമൂലമുള്ള സാങ്കേതികപ്രശ്‌നങ്ങളാണ്‌ ഫണ്ട്‌ വൈകിയതിന്‌ കാരണമെന്ന്‌ ചില ഉദ്യോഗസ്ഥർ പറഞ്ഞു.
മുഴുവൻ കർഷകരുടെയും കാർഷികമേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമാക്കിയാണ്‌ ഡിജിറ്റൽ ക്രോപ്‌ സർവേ നടത്തുന്നത്‌. കൃഷിഭൂമിയുടെയും വിളകളുടെയും വിവരങ്ങൾ ലഭ്യമായി കഴിഞ്ഞാൽ അർഹരായ കർഷകർക്ക്‌ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ആനുകൂല്യങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top