22 November Friday
മണ്ണാർക്കാട്‌ റൂറൽ ബാങ്കിന്റെ നൂതന സംരംഭം

സൈലന്റ്‌വാലിയിലെ അടിപൊളി തേനുമായി ‘ബീ റിച്ച്‌'

പ്രത്യേക ലേഖകൻUpdated: Tuesday Oct 8, 2024

മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്കിന്റെ തേൻ സംസ്കരണ വിഭാഗം

പാലക്കാട്‌ 

സൈലന്റ്‌വാലിയിലെ നല്ല ശുദ്ധമായ തേൻ വേണോ...? മണ്ണാർക്കാട്‌ റൂറൽ സർവീസ്‌ സഹകരണ ബാങ്കിന്റെ ബീ റിച്ചിൽ കിട്ടും. ആദിവാസികളിൽനിന്ന്‌ ശേഖരിച്ച നല്ല അടിപൊളി തേൻ. 

ആദിവാസികൾ ശേഖരിക്കുന്ന തേൻ വിപണിയിൽ എത്തിക്കുന്ന നൂതന സംരംഭമാണ്‌ മണ്ണാർക്കാട്‌ റൂറൽ സർവീസ്‌ സഹകരണ ബാങ്ക്‌ ബീ റിച്ചിലൂടെ ലക്ഷ്യമിടുന്നത്‌. കിലോയ്‌ക്ക്‌ 1200 രൂപയോളം വനംവകുപ്പിന്‌ കെട്ടിവച്ചാണ്‌ തേൻ ശേഖരിക്കുന്നത്‌. അട്ടപ്പാടിയിലെ ആദിവാസി ഗോത്രവിഭാഗങ്ങളായ കുറുമ്പ, ഇരുള, മുഡുക വിഭാഗങ്ങൾ ശേഖരിക്കുന്ന തേൻ വനംവകുപ്പ്‌ മുഖേന സംഭരിച്ചാണ്‌ ബാങ്കിന്റെ നീതി സുപ്പർ മാർക്കറ്റിൽ എത്തിക്കുന്നത്‌. 

സൂപ്പർമാർക്കറ്റിൽ 30 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച തേൻ സംസ്‌കരണ യൂണിറ്റിൽ ഇവ സംസ്‌കരിച്ച്‌ ശുദ്ധമാക്കി ചെറിയ കുപ്പികളിലാക്കി ‘ബീ റിച്ച്‌’ എന്ന പേരിൽ മാർക്കറ്റിൽ എത്തിക്കും. സംസ്‌കരണവും ബോട്ടിലിങ്ങും എല്ലാം ഓട്ടോമാറ്റിക്‌ സംവിധാനംവഴിയാണ്‌. സംസ്‌കരിച്ച തേൻ എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം. 

മണ്ണാർക്കാട്‌ വനസംരക്ഷണ കൗൺസിലിനുകീഴിലുള്ള 12 പട്ടികവർഗ വനസംരക്ഷണ സമിതികൾ മുഖേനയാണ്‌ സൈലന്റ്‌വാലി വനമേഖലകളിൽനിന്നും തേൻ സംഭരിക്കുന്നത്‌. ഇത്‌ ആദിവാസികൾക്ക്‌ മികച്ച വരുമാനമുണ്ടാക്കുന്നതിനും അവരുടെ ജീവിത പുരോഗതിക്കും സാഹചര്യമൊരുക്കുമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ എം പുരുഷോത്തമൻ പറഞ്ഞു. ഗുണനിലവാരമുള്ള കാർഷികോൽപ്പന്നങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നൽകുന്ന അഗ്‌മാർക്ക്‌ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്‌. ഇത്‌ ലഭിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ ‘ബീ റിച്ച്‌’ തേൻ വിപണിയിൽ എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top