പാലക്കാട്
‘മറക്കില്ല, ഇതാ വീട്ടിൽതന്നെയുണ്ട്’–കുന്നത്തൂർമേട് ചിറക്കാട് പ്രദേശത്ത് കാരാട്ടുവീട്ടിൽ പ്രിയ പറയുമ്പോഴാണ്- ഡോ. പി സരിൻ അത് ശ്രദ്ധിച്ചത്. വീടിന്റെ ഗേറ്റിൽതന്നെ സരിന്റെ ചിത്രമടങ്ങിയ വലിയ ബോർഡ് തൂക്കിയിരുന്നു. വീട്ടുകാരുടെ ആവേശം വോട്ടുചോദിച്ചെത്തിയ സ്ഥാനാർഥിക്കും ഇരട്ടി ഊർജംപകർന്നു.
സരിനൊപ്പം വീടുകൾ കയറാനും പ്രദേശവാസികൾ ഒന്നടങ്കംകൂടി. ‘‘ജയിച്ചുകഴിഞ്ഞ് ഇനിയും വരണം ഈ വഴി’’–-സുലേഖ മൻസിലിൽ റഹീമയുടെ സ്‌നേഹത്തിന് പുഞ്ചിരിപ്പൂക്കൾ മറുപടി. സ്ഥാനാർഥി വീട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴാണ് അകത്തുനിന്ന് കൊച്ചുമിടുക്കി അദാലിയയുടെ വരവ്.
കൈയിലൊരു ഫോണുമുണ്ട്. ഒപ്പം ചിത്രം വേണമെന്നാണ് ആവശ്യം. വഴിയരികിൽ അമ്മയ്‌ക്കൊപ്പം പുത്തനുടുപ്പിട്ടായിരുന്നു മൂന്നുവയസ്സുകാരി തനു. വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് ‘ബർത്ത്‌ഡേ ’ആണെന്ന് അറിയുന്നത്. കുരുന്നിന് പിറന്നാൾ ആശംസിച്ച് സ്ഥാനാർഥി കൈകൊടുത്തു. കുന്നത്തൂർമേട്ടിലെ പര്യടനശേഷം സുൽത്താൻപേട്ടയിലും കോളേജ് റോഡിലും വോട്ടർമാരെകണ്ടു. പാലക്കാട് സഹകരണകോളേജിലെത്തി കുട്ടികളുമായി സംവദിച്ചു.
പറഞ്ഞുമടുത്തു, വെള്ളക്ഷാമം
മുൻ എംഎൽഎയോട് പറഞ്ഞുമടുത്തിട്ടും കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ലെന്ന പരാതിയിലായിരുന്നു പിരായിരിയിലെ മെട്രോനഗർ, കുറുക്കൻപാറ നിവാസികൾ. ഉയർന്ന പ്രദേശമായതിനാൽ വെള്ളത്തിന്റെ ലഭ്യത കുറവാണ്.
പൈപ്പിൽ ഇടയ്‌ക്ക് വെള്ളം വന്നാലും നൂൽവണ്ണത്തിൽ മാത്രം. ‘‘ജനപ്രതിനിധിയായാൽ കുടിവെള്ളക്ഷാമം പരിഹരിക്കും’’–-സരിന്റെ ഉറപ്പ്. മുണ്ടൻപറമ്പിലെത്തുമ്പോൾ നാട്ടുകാരെല്ലാം വരവേൽക്കാൻകൂടിയിട്ടുണ്ട്.
ചിഹ്നത്തിനൊപ്പം ‘സരിനങ്കിളിനെ വിജയിപ്പിക്കണം’ എന്ന ചിത്രം വരച്ച് കാത്തുനിൽക്കുകയായിരുന്നു രണ്ടാംക്ലാസുകാരി ദ്വിതിയയും നാലാംക്ലാസുകാരി അങ്കിതയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..