പാലക്കാട്
നിലവിലെ ഭാരവാഹികളുമായി മുന്നോട്ടുപോകാനാകില്ലെന്ന് ബിജെപി ജില്ലാനേതാക്കളിൽ ഭൂരിഭാഗംപേരും നിലപാടെടുത്തതോടെ എന്തുചെയ്യുമെന്ന അങ്കലാപ്പിൽ സംസ്ഥാന നേതൃത്വം. ഇതുവരെയില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ് ജില്ലാ നേതൃത്വം അഭിമുഖീകരിക്കുന്നത്. ഈ അവസരത്തിൽ ഇടപെട്ടാൽ അത് കൂടുതൽ പരിക്കുണ്ടാക്കുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്. കഴിഞ്ഞദിവസം ചേർന്ന ജില്ലാ ഭാരവാഹി യോഗത്തിൽ 12 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി 136 പേർ പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ ഏഴ് മണ്ഡലങ്ങളിൽനിന്ന് ആരുമുണ്ടായില്ല. പകുതിയിൽ താഴെ മാത്രമായിരുന്നു പങ്കാളിത്തം.
ജില്ലാ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന ഭാരവാഹികൾ നാല് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പണം തട്ടിപ്പ്, ക്രിമിനലുകളെ സംരക്ഷിക്കൽ, ശോഭ സുരേന്ദ്രനെതിരായ നിലപാട്, സംസ്ഥാന ട്രഷററെ അകറ്റിനിർത്തൽ എന്നിവയാണവ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ വിതരണംചെയ്യേണ്ട പണം ആര് വെട്ടിച്ചു, അതിനെകുറിച്ച് വന്ന മാധ്യമ വാർത്തകളിൽ എന്തുകൊണ്ട് ജില്ലാനേതൃത്വം പ്രതികരിച്ചില്ല, ഓഡിറ്റ് റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല. സ്വന്തം നേതാവിന്റെ വീട് ആക്രമിച്ച യുവമോർച്ച നേതാവുൾപ്പെടെയുള്ളവരെ എന്തുകൊണ്ട് പാർടിയിൽനിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നു, ശോഭ സുരേന്ദ്രനെ ശത്രുവായി പ്രഖ്യാപിക്കാനുള്ള കാരണമെന്ത്, തെരഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റിന് വിധേയമാക്കി എന്ന് അവകാശപ്പെടുന്ന നേതൃത്വം ഫണ്ട് തട്ടിപ്പ് വിവാദങ്ങൾ ഉയരുമ്പോൾ സംസ്ഥാന ട്രഷററും ജില്ലയിലെ മുതിർന്ന നേതാവുമായ ഇ കൃഷ്‌ണദാസിനെ എന്തുകൊണ്ട് ഇക്കാര്യങ്ങൾ അറിയിക്കാതെ അകറ്റിനിർത്തുന്നു എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്. അതിനൊന്നും ജില്ലാനേതൃത്വം ഉത്തരം നൽകുന്നില്ലെന്നാണ് വിമർശം.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് തട്ടിപ്പ് ചർച്ചയായതോടെ കഴിഞ്ഞദിവസം ചേർന്ന ജില്ലാ നേതൃയോഗത്തിൽ വാക്‌തർക്കം മൂത്ത് കൈയാങ്കളി വരെയെത്തി. പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. തർക്കമുണ്ടാകുമെന്ന് മുൻകൂട്ടികണ്ടതിനാൽ ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ് കൃഷ്‌ണകുമാർ എന്നിവർ വിട്ടുനിന്നതും ചർച്ചയായി. നിലവിലെ നേതൃത്വത്തിനെതിരെ ആദ്യവെടിപൊട്ടിച്ചത് ജില്ലാ പ്രസിഡന്റിന്റെ സ്വന്തം തട്ടകമായ പട്ടാമ്പിയിൽനിന്നുള്ള ഭാരവാഹിയാണെന്നതും നേതൃത്വത്തിനെതിരെ രോഷം അണപൊട്ടുന്നതിന്റെ സൂചനയായി.
ജില്ലാഘടകത്തിലെ തർക്കം സംബന്ധിച്ച് വാർത്ത പുറത്തുവിടുന്നത് ചില തൽപരകക്ഷികളാണെന്ന് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് പറഞ്ഞു. കേന്ദ്ര ഓഡിറ്റ് വിഭാഗമാണ് 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റ് പൂർത്തിയാക്കിയത്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം ഭാരവാഹി യോഗം വിളിച്ചതെന്നും അതിൽ പങ്കെടുക്കാത്ത ചിലരാണ് നുണ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..