09 October Wednesday
ചെണ്ടയിൽ അരങ്ങേറി

സ്റ്റീഫന്റെ സ്വപ്നം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

 സി കെ ഉണ്ണികൃഷ്ണൻ

കൂറ്റനാട്
കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ചാലിശേരി പുലിക്കോട്ടിൽ പി കെ സ്റ്റീഫന്റെ സ്വപ്നസാക്ഷാത്‌ക്കാരമായിരുന്നു. ക്രൈസ്തവ കുടുംബത്തിൽനിന്നുള്ള സ്റ്റീഫൻ കുട്ടിയായിരിക്കുമ്പോൾമുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ചെണ്ടമേളം പഠിക്കുകയെന്നത്‌. 
30 വർഷം പ്രവാസിയായിരുന്നിട്ടും ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല. ലീവിന് നാട്ടിൽ വരുന്ന അവസരങ്ങളിൽ സ്വയം പരിശീലിച്ചു. 
പ്രവാസത്തിനുശേഷം നാട്ടിലെത്തി നാലുവർഷംകൊണ്ട്‌ പരിശീലനം പൂർത്തിയാക്കി. വീട്ടിലിരുന്ന്‌ ചെണ്ടകൊട്ടുമ്പോൾ ശബ്ദം ഉയരാതിരിക്കാൻ ചെണ്ടയിൽ നനഞ്ഞ തുണിയിട്ടായിരുന്നു പരിശീലനം. 
കഴിഞ്ഞ ജനുവരിയിൽ കക്കാട് വാദ്യകലാക്ഷേത്രത്തിലെ രാജപ്പൻ മാരാരുടെ കീഴിൽ പഠനം ആരംഭിച്ചു. 
ഞായറാഴ്ച അരങ്ങേറ്റംകുറിച്ച 17 പേരിൽ ഏറ്റവും സീനിയറായിരുന്നു അറുപതുകാരനായ സ്റ്റീഫൻ. എഴുപതോളം വാദ്യകലാകാരന്മാർ പരിപാടിയിൽ അണിനിരന്നു.
ഒരുകാലത്ത്‌ ചാലിശേരിയുടെ മൈതാനങ്ങളിൽ ആവേശം വിതറിയ ഫുട്ബോൾ താരംകൂടിയാണ്‌ സ്റ്റീഫൻ. 
എഫ്സി കേരള തൃശൂരിന്റെ മുൻ മാനേജറും ചാലിശേരി മാർവൽ ഫുട്ബോൾ ക്ലബ്ബിന്റെ കോച്ചുമാണ്‌. ഭാര്യ: സുനിത. മക്കൾ: സാന്ദ്ര, സെഡ്രിക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top