പാലക്കാട്
വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ നഷ്‌ടപരിഹാരം ലഭിക്കാതെ വലഞ്ഞ് അപകടത്തിൽപ്പെട്ടവർ. റോഡ് അപകടങ്ങളിൽപ്പെടുന്ന 25 ശതമാനം വാഹനങ്ങൾക്കും തേർഡ് പാർടി ഇൻഷുറൻസ് പോലുമില്ല. അപകടത്തിൽ ഇരയാകുന്നവർക്ക് എംഎസിടി വിധി വന്നാലും വിധിസംഖ്യ പ്രതികൾ നൽകാറുമില്ല. വിധിസംഖ്യ നൽകാനുള്ള സാമ്പത്തികശേഷിയോ ആസ്‌തിയോ പ്രതിഭാഗത്തുള്ള വ്യക്തിക്ക് ഉണ്ടെങ്കിൽ മാത്രമാണ് പരിക്കേറ്റയാൾക്ക് എന്തെങ്കിലും ലഭിക്കുക. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാത്ത ഭൂരിഭാഗം കേസുകളിലും നഷ്‌ടപരിഹാരം ലഭിക്കാറില്ല.
വാഹനത്തിന്റെ തേർഡ് പാർടി പോളിസി കാലാവധി കഴിയുന്നത് ഭൂരിഭാഗം ഉടമകളും മറന്നുപോകുന്നു. തേർഡ് പാർടി പോളിസികളിൽനിന്ന് ലഭിക്കുന്ന കമീഷൻ കുറവായതിനാൽ കമ്പനികളോ ഏജന്റുമാരോ കാലാവധി കഴിഞ്ഞവിവരം വാഹന ഉടമകളെ വിളിച്ച് അറിയിക്കാറില്ല. ഇൻഷുറൻസ് എടുക്കാൻ വിട്ടുപോകുന്നവരിൽ ഏറെയും ഇരുചക്രവാഹനയാത്രക്കാരാണ്. എല്ലാ വാഹനങ്ങളിലും ഇന്ധനം നിറയ്‌ക്കുന്ന ഭാഗങ്ങളിൽ ഇൻഷുറൻസിന്റെ വിവരങ്ങൾ അടങ്ങിയ ചെറു സ്‌റ്റിക്കർ പതിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങൾ മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..