22 November Friday

പൂക്കാലം തീർത്ത്‌ എലപ്പുള്ളി

എസ്‌ നന്ദകുമാർUpdated: Wednesday Jul 31, 2024

എലപ്പുള്ളിയിൽ ചെണ്ടുമല്ലി വിളവെടുപ്പിൽ കർഷകർ കൃഷി ഓഫീസർ ബി എസ് വിനോദ്കുമാറിനൊപ്പം

എലപ്പുള്ളി
ചിട്ടയായ കൃഷിരീതിയിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും പൂക്കൃഷിയുടെ ഹബ്ബായി മാറുകയാണ് എലപ്പുള്ളി. രണ്ട്‌ വർഷം മുമ്പ്‌ 30 സെന്റിൽ കുറ്റിമുല്ല നട്ട്‌ തുടങ്ങിയതാണ്‌. ഇന്ന് 25 ഏക്കറിൽ വ്യത്യസ്‌തങ്ങളായ പൂക്കൾ വിടർന്ന്‌ നിൽക്കുന്നത്‌ കാണാം. കഴിഞ്ഞ ഓണക്കാലത്ത്‌ വിവിധ കർഷകരുടേതായി പത്തേക്കറിൽ എട്ടായിരം ടൺ പൂവാണ് എലപ്പുള്ളിയിൽ ഉൽപ്പാദിപ്പിച്ചത്‌. ഇതോടെ എലപ്പുള്ളി പുഷ്പഗ്രാമമായി മാറുകയായിരുന്നു. 
തുടർന്ന് കൃഷി ഓഫീസർ ബി എസ്‌ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന പുഷ്പകർഷക സംഗമത്തിലാണ്‌ കൃഷി വിപുലീകരിക്കാൻ തീരുമാനമായത്‌. ഇതിനായി ഫ്ലവർ ഗ്രോവേഴ്സ്‌ സൊസൈറ്റിയും രൂപീകരിച്ചു. ഈ വർഷം 15,000 ടൺ പൂവാണ് ഓണം,- വിജയദശമി സീസണിൽ വിൽപ്പനക്കായി തയ്യാറാവുന്നത്‌. ചെണ്ടുമല്ലി, കുറ്റിമുല്ല തുടങ്ങിയവയാണ് പ്രധാന കൃഷി.
ഒരു ഏക്കറിൽ ഇരുപതിനായിരം രൂപ കൃഷിക്കായി ചെലവാകുമ്പോൾ ഉത്സവ സീസണുകളിൽ 1.5 ലക്ഷം രൂപ വരുമാനം ലഭിക്കും. ഹെക്‌ടറിന് 16,000 രൂപ കൃഷിഭവനിൽനിന്ന്‌ ധനസഹായവും ലഭിക്കും. ഇത്തവണ പഞ്ചായത്തിൽ പുഷ്പ കൃഷി വ്യാപിപ്പിക്കാൻ വീട്ടമ്മമാർ, യുവാക്കൾ, വിദ്യാർഥികൾ, വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവർ ഒന്നിച്ചുനിന്ന് അവരുടെ കൃഷി സ്ഥലങ്ങളിൽ കൃഷിയിറക്കി. 
വളരെ ചെറിയ ഇതളുകളും പെട്ടെന്ന് വാടിപോകാത്തതുമായ പൂക്കളാണ് കൂടുതൽ തിരഞ്ഞെടുക്കുന്നത്. ഇതിൽ താരം ചെണ്ടുമല്ലിയാണ്. അതിനാൽ ചെണ്ടുമല്ലിക്ക് തന്നെയാണ് കൃഷിയിൽ പ്രാധാന്യം നൽകുന്നതും.
ചെണ്ടുമല്ലിയിൽ അർക്കഹണി, അർക്കബംഗാര ഇനങ്ങളും മുല്ലയിൽ രാമേശ്വരം കുറ്റിമുല്ലയുമാണ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. കേരളത്തിൽ ഓണവിപണി കഴിഞ്ഞും പൂക്കൾക്ക്‌ ആവശ്യക്കാരുണ്ട്‌. പൂരങ്ങളും വേലകളും നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിലും പൂക്കൾ ഉൽപ്പാദിപ്പിച്ച്‌ ഉത്സവ വിപണിയിൽ ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എലപ്പുള്ളി കൃഷിഭവൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top