സ്വന്തം ലേഖിക
പാലക്കാട്
ജില്ലയിൽ സപ്ലൈകോവഴി ഒന്നാംവിള നെല്ലുസംഭരണത്തിന് കരാറൊപ്പിട്ടത് 39 മില്ലുകൾ. അഞ്ച് മില്ലുകൾക്ക് പാടം അനുവദിച്ചു. സംഭരണം ഈ ആഴ്‌ച ആരംഭിക്കും. പെരിങ്ങോട്ടുകുറുശി, മണ്ണൂർ, കണ്ണാടി പഞ്ചായത്തുകളിലാണ് മില്ലുകൾ അനുവദിച്ചത്. ഈ മാസം പകുതിയോടെ എല്ലാ പ്രദേശങ്ങളിലും കൊയ്‌ത്തും സംഭരണവും വേഗത്തിലാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. 46,665 കർഷകരാണ് സപ്ലൈകോയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
സംഭരണം കാര്യക്ഷമമാക്കാൻ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കും. കൂടാതെ 40 പ്രൊക്യുയർമെന്റ് അസിസ്റ്റന്റുമാരെയും സപ്ലൈകോ കരാറടിസ്ഥാനത്തിൽ നിയമിക്കും. ലോഡിങ് പോയിന്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. ഈ ഒന്നാംവിളയ്‌ക്കുകൂടി കർഷകർ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെത്തി നെല്ലെടുക്കും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനാണ് ഇത്തവണകൂടി പഴയരീതി തുടരാൻ തീരുമാനിച്ചത്.
നെല്ലെടുക്കുന്ന സ്വകാര്യ മില്ലുടമകളുമായി നേരത്തേ ചർച്ചകൾ നടത്തിയതിനാൽ മില്ലുകാരുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളുണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസുകൂടി വർധിപ്പിച്ച് നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..