വടക്കഞ്ചേരി
അപകടക്കെണിയായി ദേശീയപാത 544. വടക്കഞ്ചേരി ചീകോടു മുതൽ വാണിയമ്പാറവരെയുള്ള 12 കിലോമീറ്ററിൽ രണ്ടുവർഷത്തിനിടെ അപകടങ്ങളിൽ മരിച്ചത് 37 പേർ. മംഗലംപാലത്ത് വെള്ളിയാഴ്ച വൈകിട്ട് കാറിടിച്ച് വീട്ടമ്മ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞദിവസം നീലിപ്പാറയിൽ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാർഥികൾ കാറിടിച്ച് മരിച്ചിരുന്നു. വാണിയമ്പാറ മുതൽ പന്നിയങ്കരവരെ തുടർച്ചയായി സർവീസ് റോഡില്ലാത്തതിനാൽ വാഹനങ്ങൾ യു ടേണിനായി എതിർ റോഡിലേക്ക് തിരിയുന്നതാണ് കൂടുതൽ അപകടങ്ങൾക്കും ഇടയാക്കുന്നത്.
പാതയിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി പൊലീസ് ദേശീയപാത അതോറിറ്റിക്ക് കത്തുനൽകി. തുടർച്ചയായി അപകടങ്ങളുണ്ടാകുന്നതിൽ യാത്രക്കാരും പ്രദേശവാസികളും ഭീതിയിലാണ്.
മംഗലംപാലം, എരേശൻകുളം, അഞ്ചുമൂർത്തിമംഗലം, കാരയങ്കാട്, പന്തലാംപാടം, ചീകോട്, അണക്കപ്പാറ, റോയൽ ജങ്ഷൻ, വാണിയമ്പാറ, ശങ്കരൻകണ്ണൻ തോട്, മേരിഗിരി, പന്നിയങ്കര എന്നിവിടങ്ങളിലാണ് പതിവായി അപകടങ്ങൾ നടക്കുന്നത്.
മംഗലംപാലം മുതൽ ചീകോടുവരെയുള്ള ഭാഗത്ത് റോഡ് മുറിച്ചുകടക്കാനായി മേൽപ്പാലങ്ങൾ ഇല്ലാത്തതും വഴിവിളക്കുകളുടെ കുറവും അപകട സാധ്യത വർധിപ്പിക്കുന്നു.
പന്നിയങ്കരയിൽ ടോൾപിരിവ് തകൃതിയായി നടക്കുന്നുണ്ടെങ്കിലും യാത്രികർക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..