23 December Monday

ചക്രങ്ങൾക്കുമേൽ 
ജീവിതങ്ങളാണേ...

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

 

പാലക്കാട്- 
തുടർച്ചയായി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ പാലക്കാട് -–- കൊഴിഞ്ഞാമ്പാറ റൂട്ടിലോടുന്ന സ്റ്റേജ് കാര്യേജ് ബസ്‌ ജീവനക്കാർക്ക്‌ മോട്ടോർ വാഹന വകുപ്പ്‌ പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്‌ നൽകി. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ വി ടി മധുവിന്റെ നിർദേശപ്രകാരമാണിത്. എംവിഐ എസ്‌ രാജൻ, എഎംവിഐമാരായ എ ഹരികൃഷ്ണൻ, കെ ദേവീദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ്‌ ജീവനക്കാരെ ബോധവത്‌കരിച്ചത്‌. 
പാലക്കാട്-–-കൊഴിഞ്ഞാമ്പാറ റോഡിലുണ്ടാകുന്ന അപകടത്തിനുകാരണം റോഡിന്റെ തകരാറാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ പെർമിറ്റ് ഉടമകൾക്കും ജീവനക്കാർക്കും നിർദേശങ്ങൾ നൽകാൻ തീരുമാനിച്ചത്‌.
ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ അടയാളമായി വാഹനം ഉപേക്ഷിക്കുകയോ പൊതുജനങ്ങൾക്കോ യാത്രക്കാർക്കോ മറ്റ് റോഡ് ഉപയോക്താക്കൾക്കോ തടസ്സങ്ങളും അസൗകര്യവും ഉണ്ടാക്കുന്ന തരത്തിൽ പണിമുടക്ക് നടത്തുകയോ ചെയ്യുന്നത് നിയമ വിരുദ്ധവും പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനവുമാണ്‌. ഡ്രൈവറുടെ ലൈസൻസ് അയോഗ്യമാക്കാൻവരെയുള്ള കുറ്റമാണിത്‌. യാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ആശങ്കയോ അസ്വസ്ഥതയോ ഉണ്ടാക്കുംവിധം വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നും ബോധ്യപ്പെടുത്തി.
നിർദേശങ്ങൾ ഇങ്ങനെ 
● തകരാറിലായ റോഡുകളിലൂടെ ഇടതുവശംചേർന്ന് വാഹനം  ഓടിക്കുക ● തിരിവുകളിലും നേർക്കാഴ്ച ഇല്ലാത്ത സ്ഥലങ്ങളിലും ഓവർടേക്ക് ചെയ്യരുത്‌ 
● ബസുകളുടെ വാതിൽ തുറന്നിട്ട് സർവീസ് നടത്തരുത്‌ ● വാഹനത്തിന്റെ ഹെഡ് ലൈറ്റും വാണിങ് ലൈറ്റും പ്രവർത്തന ക്ഷമമാണെന്ന്‌ ഉറപ്പാക്കുക ● രാത്രിയിൽ എതിരെ വാഹനം വരുമ്പോൾ ഹൈബീം ഉപയോഗിക്കരുത്‌ ● ആവശ്യത്തിലധികം ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിക്കരുത്‌ ● വാഹനം ബസ്ബേയിൽ നിർത്തി മാത്രം ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top