20 December Friday
ഉറക്കമില്ലാതെ ധോണി

വഴികളിൽ ആന, പുലി, കരടി

സ്വന്തം ലേഖകൻUpdated: Tuesday Dec 10, 2024

മേലെ ധോണിയിൽ പുലിയുടെ ആക്രമണത്തിൽ കഴുത്തിൽ പരിക്കേറ്റ ആട്

പാലക്കാട്‌
ധോണിയിൽ വന്യജീവി ശല്യം നാലാം ദിവസം പിന്നിടുമ്പോൾ ഉറക്കം നഷ്ടപ്പെട്ട്‌ പ്രദേശവാസികൾ. തിങ്കളാഴ്ച പുലിയിറങ്ങി ആടിനെയും നായയെയും പിടികൂടി. വെള്ളിയാഴ്ച കോഴിയെ പിടികൂടിയത്‌ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈസ്‌റ്റേൺ സർക്കിൾ സിസിഎഫ്‌ കെ വിജയാനന്ദിന്‌ കർഷകസംഘവും നാട്ടുകാരും ചേർന്ന്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
 കന്നുകാലികളടക്കം നിരവധി വളർത്തുമൃഗങ്ങളെ ഫെബ്രുവരിയിൽ പുലി പിടികൂടിയതോടെ വനംവകുപ്പ്  ധോണി, മൂലപ്പാടം, മലമ്പുഴ അയ്യപ്പൻപൊറ്റ എന്നിവിടങ്ങളിൽ കൂടും കാമറയും സ്ഥാപിച്ചു. കാട്ടുമൃഗങ്ങളെ തുരത്തി ഓടിക്കാൻ വാളയാർ റേഞ്ച്‌ റെസ്‌പോൺസ്‌ ടീമിന്‌ എ പ്രഭാകരൻ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ വാഹനം അനുവദിച്ചിരുന്നു. 
കൊട്ടേക്കാട്‌ സെക്‌ഷനിലാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. വന്യജീവി ആക്രമണങ്ങൾ ധാരാളമായി ഉണ്ടാകുന്ന ഡിവിഷൻ മേഖലയിൽ കൂടുതൽ വാഹനങ്ങൾ അനുവദിക്കണമെന്നാണ്‌ നാട്ടുകാർ ആവശ്യപ്പെട്ടു. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ രണ്ടുപേർക്ക്‌ പരിക്കേറ്റിരുന്നു. പാടങ്ങൾ പലതും കർഷകർ കൃഷി ചെയ്യാനാകാതെ തരിശിട്ടു. ചിലത്‌ തോട്ടങ്ങളായി. റബർ നട്ടുപിടിപ്പിച്ചവർക്ക്‌ ആനയെ പേടിച്ച്‌ ടാപ്പിങ്‌ നടത്താനാകുന്നില്ല.
 ജനവാസമേഖലയോട്‌ ചേർന്നുള്ള സാറ്റ്‌ലൈറ്റ്‌ കേന്ദ്രത്തിലാണ്‌ ഒറ്റയാന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ അഗസ്‌ത്യൻ ചികിത്സയിലുള്ളത്‌. മദപ്പാടുള്ള ആനയ്‌ക്ക്‌ അരികിലേക്ക്‌ രാത്രികളിൽ വൈദ്യുതിവേലികൾ മറികടന്ന്‌ മറ്റ്‌ ആനകൾ എത്തുന്നുണ്ട്‌. ഇത്‌ പ്രദേശവാസികളെ കൂടുതൽ ഭീതിയിലാഴ്‌ത്തുന്നു. അടിയന്തര നടപടി സ്വീകരിച്ച്‌ വന്യമൃഗങ്ങളെ അകറ്റിനിർത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top