24 November Sunday
നീറ്റ്‌, യുജിസി പരീക്ഷാ ക്രമക്കേട്‌

എൻടിഎക്കെതിരെ 
നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024
 
ചിറ്റൂർ
നീറ്റ്‌, യുജിസി നെറ്റ്‌ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പ്‌ ഏജൻസിയായ ദേശീയ പരീക്ഷാ ഏജൻസിക്കെതിരെ (എൻടിഎ) നടപടി സ്വീകരിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻടിഎയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഒരൊറ്റ എൻട്രൻസിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളെക്കുറിച്ചും അക്കാദമിക്‌ മേഖലയിൽനിന്നും വിദ്യാർഥി സമൂഹത്തിൽനിന്നും വിമർശങ്ങളുയരുന്നുണ്ട്‌. 
ഇത്രയും ക്രമക്കേട്‌ നടത്തിയ സംവിധാനം അതേപടി തുടരുന്നതിൽ വിദ്യാർഥികൾക്ക്‌ ആശങ്കയുണ്ട്‌. എൻടിഎ സമിതിയെ പിരിച്ചുവിടണം. ക്രമക്കേട് അന്വേഷിച്ച്‌ കുറ്റവാളികളെ പിടികൂടണം. ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണം. 
‘ഒരു രാജ്യം ഒരു പരീക്ഷ’ സംവിധാനം നടപ്പാക്കരുത്‌. യൂണിവേഴ്‌സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഒഴിവാക്കി കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത പരീക്ഷാ നടത്തിപ്പിനെതിരെ വലിയ വിമർശനം അക്കാദമിക്‌ സമൂഹം ഉയർത്തുന്നുണ്ട്‌. യൂണിവേഴ്‌സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വയംഭരണത്തിലുള്ള കടന്നുകയറ്റം കൂടിയാണ്‌ ഒറ്റ പരീക്ഷാസംവിധാനം. 
പൊതുപ്രവേശന പരീക്ഷ വന്നതോടെതന്നെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ നേരിട്ടുള്ള വഴി അടഞ്ഞു. വൈവിധ്യമാർന്ന അക്കാദമിക്‌ പശ്ചാത്തലങ്ങളെ പൊളിച്ചെഴുതുന്ന, ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന ഏക പൊതുപരീക്ഷാ സംവിധാനം റദ്ദാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top