പാലക്കാട്
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലെ ജനങ്ങളുടെ ജീവിതം വീണ്ടെടുക്കാനും പുനർനിർമിക്കാനും സഹായവുമായി സിപിഐ എം. ‘സ്‌റ്റാൻഡ് വിത്ത് വയനാട്’ ക്യാമ്പയിൻ ഏറ്റെടുത്ത് വയനാടിനായി ഒരുമിക്കാം എന്ന സന്ദേശവുമായി സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ജനങ്ങളോട് അഭ്യർഥിക്കാൻ ശനിയാഴ്‌ച മുഴുവൻ ബ്രാഞ്ചുകളിലും നേതാക്കൾ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു. ജനങ്ങളെ നേരിൽക്കണ്ട് ദുരിതാശ്വാസനിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴി പണം അയക്കാനാണ് അഭ്യർഥിക്കുന്നത്. ആരിൽനിന്നും നേരിട്ട് പണം വാങ്ങില്ല. എല്ലാം അക്കൗണ്ട് വഴി അയക്കാൻ പറയുകയും അത് ഉറപ്പാക്കുകയും ചെയ്യും. വയനാടിനെ സഹായിക്കാൻ വലിയ പിന്തുണയാണ് ജനങ്ങളിൽനിന്നുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. ഞായറാഴ്‌ചയും ക്യാമ്പയിൻ തുടരും. ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാകമ്മിറ്റി അംഗങ്ങൾ തുടങ്ങി മുഴുവൻ നേതാക്കളും പ്രവർത്തകരും ദുരിതാശ്വാസനിധി ക്യാമ്പയിനായി രംഗത്തിറങ്ങി. 22 ബാങ്ക് അക്കൗണ്ടുകൾ, അവയുടെ ഐഎഫ്എസ്‌സി കോഡ് എന്നിവ രേഖപ്പെടുത്തിയ നോട്ടീസ് സഹിതമാണ് ജനങ്ങളെ സമീപിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ചിറ്റൂരിലും സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ നെന്മാറയിലും ക്യാമ്പയിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ ആലത്തൂരിലും എസ് അജയകുമാർ ഒറ്റപ്പാലത്തും രംഗത്തിറങ്ങി. ദുരിതാശ്വാസ നിധിയിലേക്ക് ചളവറ പഞ്ചായത്ത് ആദ്യഘട്ടമായി നൽകിയ ഒരുലക്ഷം രൂപ മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..