23 December Monday

രുചിയിൽ കേമൻ 
ആലത്തൂർ ചിപ്സ്

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2024

ആലത്തൂർ എസ്എൻആർ ചിപ്സിൽ കായ വറുത്തെടുക്കുന്ന അബ്ദുൾ ജബ്ബാർ

 
ആലത്തൂർ
തൂശനില മുറിച്ച് പുത്തരിയുണ്ണുന്ന പാലക്കാട്ടുകാർക്ക് ഒരറ്റത്ത് കായ വറുത്തതും ശർക്കര ഉപ്പേരിയും നിർബന്ധമാണ്. അത്‌
ആലത്തൂർ ചിപ്‌സ്‌ കൂടിയാകുമ്പോൾ രുചിയൽപ്പം കൂടും. ‘ആലത്തൂർ’ ബ്രാൻഡിൽ അനേകംപേർ ചിപ്‌സ്‌ തയ്യാറാക്കുന്നുണ്ടെങ്കിലും അതിലെയും കേമൻ എസ്എൻആർ ചിപ്‌സാണ്‌. ഇന്ദിര ഗാന്ധി മുതൽ രുചിച്ചു തുടങ്ങിയ എസ്എൻആർ ചിപ്സ് ആബാലവൃദ്ധത്തിന് പ്രിയങ്കരമാണ്. ഷാഹുൽ ഹമീദ്, നൂർ മുഹമ്മദ് റാവുത്തർ എന്നാണ് ഇതിന്റെ പൂർണനാമം. 
ആലത്തൂരുകാരായ ഷാഹുൽ ഹമീദ് മകൻ നൂർ മുഹമ്മദ് എന്നിവരാണ് എഴുപതിറ്റാണ്ടു മുമ്പ്‌ ആലത്തൂരിൽ ആദ്യമായി ചിപ്സ് കച്ചവടം തുടങ്ങിയത്‌. 
നൂർ മുഹമ്മദിന്റെ മക്കളായ അബ്ദുൾ ജബ്ബാർ, അബ്ദുൾ കരീം, മുഹമ്മദ് റഫീക്ക്, മുഹമ്മദ് മുസ്തഫ എന്നിവരാണ്‌ ഇപ്പോൾ കട നടത്തുന്നത്. പിതാമഹർ പകർന്നുനൽകിയ രുചിയുടെ രഹസ്യം ഇവരും കാത്തുസൂക്ഷിക്കുന്നു.
നേന്ത്രക്കായ ശേഖരിക്കുന്നത് മുതൽ തികഞ്ഞ ജാഗ്രത പുലർത്തും. തോട്ടങ്ങളിൽനിന്ന്‌ നേരിട്ടാണ് മാർദവമുള്ള കായ ശേഖരിക്കുന്നത്. ശേഷം മഞ്ഞൾപ്പൊടി ഉപയോഗിച്ച് കറ കളഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കും. മില്ലുകളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതിനാൽ ഒരു മാസംവരെ ഗുണമേന്മ കുറയാതെ സൂക്ഷിക്കാനാകും. ഒരിക്കൽ രുചിയറിഞ്ഞവർ വീണ്ടും ഈ രൂചി തേടിയെത്തുമെന്നതാണ്‌ ഇവരുടെ വിജയരഹസ്യം. ഇതാണ്‌ ആലത്തൂർ ചിപ്‌സ്‌ എന്ന ബ്രാൻഡിനെ ലോകം മുഴുവൻ എത്തിച്ചതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top