28 September Saturday
മഹാമാരി തടസ്സമായില്ല

കനത്ത പോളിങ്

വെബ് ഡെസ്‌ക്‌Updated: Friday Dec 11, 2020

കൊട്ടേക്കാട്‌ വികെഎൻഎം സ്‌കൂളിൽ വോട്ട്‌ ചെയ്യാൻ എത്തിയവരുടെ നിര

 പാലക്കാട്‌

മഹാമാരിക്കാലത്തെ ആദ്യതെരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്ത പോളിങ്‌. കോവിഡ്‌ മാനദണ്ഡം പൂർണമായും പാലിക്കാൻ കഴിയാത്തവിധം വോട്ടെടുപ്പ്‌ കേന്ദ്രങ്ങളിൽ അതിരാവിലെ മുതൽതന്നെ വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. രാത്രി എട്ടിനും വോട്ടെടുപ്പ്‌ നടന്ന കേന്ദ്രങ്ങളുണ്ട്‌. ചിലയിടങ്ങളിൽ വോട്ടിങ്‌ യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിങ്‌ ഒന്നരമണിക്കൂർ വൈകി. പൊതുവേ സമാധാനാന്തരീക്ഷത്തിലായിരുന്നു ജില്ലയിലെ വോട്ടെടുപ്പ്‌.
ഒറ്റപ്പെട്ട ചില സംഭവം ഒഴികെ ജില്ലയിൽ അനിഷ്‌ടസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. എല്ലാ കേന്ദ്രങ്ങളിലും സ്‌ത്രീകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കന്നിവോട്ടവകാശം ലഭിച്ച 18 വയസ്സുകാർ മുതൽ 106 വയസ്സുള്ള മുത്തശ്ശിവരെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 
പോസിറ്റീവായതിനെത്തുടർന്ന്‌ പിപിഇ കിറ്റ്‌ ധരിച്ച്‌ വോട്ട്‌ ചെയ്യാനെത്തിയ കോവിഡ്‌ രോഗികൾ മഹാമാരിക്കാലത്തെ വേറിട്ട കാഴ്‌ചയായി. കുഴൽമന്ദത്ത്‌ വോട്ട്‌ ചെയ്യാൻ വരിയിൽനിന്ന മധ്യവയസ്‌കൻ കുഴഞ്ഞുവീണ്‌ മരിച്ചത്‌ വോട്ടെടുപ്പ്‌ ദിനത്തിലെ ദുഃഖവാർത്തയായി. വോട്ട്‌ ചെയ്‌ത ശേഷം പെൺകുഞ്ഞിന്‌ ജന്മം നൽകിയ യുവതി ഈ ദിനത്തിൽ ആഹ്ലാദമധുരവും നുണഞ്ഞു. 
രാവിലെ ആറിന്‌ മോക്ക്‌ പോളിങ് നടത്തി ഏഴിന്‌ വോട്ടിങ് ആരംഭിക്കുമ്പോൾത്തന്നെ നീണ്ട നിരയായി. ഓരോ മണിക്കൂറിലും പോളിങ് ശതമാനം കുത്തനെ ഉയർന്നു. പത്തോടെ പോളിങ് സ്‌റ്റേഷനും പരിസരവും ജനങ്ങളാൽ നിറഞ്ഞു. പലയിടത്തും കൂടുതൽ പൊലീസ്‌ എത്തിയാണ്‌ തിരക്ക്‌ നിയന്ത്രിച്ചത്‌. 
കോവിഡ്‌ മാനദണ്ഡം പാലിക്കാൻ വിവിധതരം മുന്നൊരുക്കം തെരഞ്ഞെടുപ്പ്‌ കമീഷൻ ഒരുക്കിയിരുന്നു. ശാരീരിക അകലം പാലിക്കാൻ പോളിങ് ബൂത്തിനകത്തും പുറത്തും തറയിൽ മുന്നറിയിപ്പ്‌ സ്‌റ്റിക്കറുകൾ പതിച്ചു. അതിന്‌ കഴിയാത്തിടത്ത്‌ കുമ്മായംകൊണ്ട്‌ അടയാളപ്പെടുത്തി. ബൂത്തിന്റെ‌ കവാടങ്ങളിൽ‌ സാനിറ്റൈസർ നൽകി. ഒപ്പിടാൻ പ്രത്യേകം പേന ഒരുക്കി. വോട്ടർ സ്ലിപ്പ്‌ നിക്ഷേപിക്കാൻ പെട്ടികൾ തയ്യാറാക്കി. വോട്ടർമാർക്ക്‌ മാസ്‌ക്‌ നിർബന്ധമാക്കി. 
തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ മാസ്‌ക്കും ഫെയ്‌സ്‌ ഷീൽഡും നൽകി. വയോജനങ്ങൾക്ക്‌ വരി നിൽക്കാതെ വോട്ട്‌ ചെയ്യാൻ അവസരമൊരുക്കി. കോവിഡ്‌ മാനദണ്ഡം ഉറപ്പാക്കാൻ പ്രത്യേകസംഘം പോളിങ് ബൂത്തുകൾ സന്ദർശിച്ചു. 
ശാരീരിക അകലം പാലിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട്‌ തിരക്ക്‌ കൂടിയതിനാൽ മാനദണ്ഡം പാലിക്കാൻ പലയിടത്തും കഴിയാതെയായി. ജില്ലയിൽ നഗര–-ഗ്രാമ വ്യത്യാസമില്ലാതെ മികച്ച പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. തമിഴ്‌മേഖലയിലും മലയോരങ്ങളിലുമെല്ലാം ജനം കൂട്ടത്തോടെയെത്തി വോട്ട്‌ ചെയ്‌തു. 
ബുധനാഴ്‌ച പകൽ മൂന്നിനുശേഷം കോവിഡ്‌ സ്ഥിരീകരിച്ചവർക്ക്‌ വോട്ട്‌ രേഖപ്പെടുത്താൻ ബൂത്തുകളിൽ പ്രത്യേകം സൗകര്യമൊരുക്കി. പിപിഇ കിറ്റ്‌ ധരിച്ചാണ്‌ ഇവർ വോട്ട്‌ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top