09 September Monday

‘കള്ളത്താടിയും ശബ്ദവും മറക്കാനാകുമോ’

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

ഗൗരിയമ്മയുടെ നൂറാം പിറന്നാൾ ദിനത്തിൽ 
ആലപ്പുഴയിലെ വീട്ടിലെത്തിയ 
കെ വി രാമകൃഷ്‌ണന്‌ മധുരം നൽകുന്നു

പാലക്കാട്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ പാലക്കാട്‌ മൃഗാശുപത്രിയിൽ കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക്‌ കിടത്തിച്ചികിത്സയ്‌ക്ക്‌ ഒരു വാർഡ്‌ നിർമിച്ചു. ഉദ്‌ഘാടനം ചെയ്യാനെത്തിയത്‌ അന്നത്തെ മന്ത്രി കെ ആർ ഗൗരിയമ്മ. യുഡിഎഫ്‌ സർക്കാരിലെ മന്ത്രിയായിരുന്നു അവർ. 2002ൽ നടന്ന ചടങ്ങിൽ അധ്യക്ഷനായത്‌ ഞാനായിരുന്നു.  
ഉദ്‌ഘാടനശേഷം അകത്ത്‌ മുറിയിൽ ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ്‌ കടന്നുചെന്നത്‌. ഓർമയുണ്ടാകുമോ എന്ന്‌ ശങ്കിച്ചാണ്‌ ഗൗരിയമ്മയുടെ അടുത്ത്‌ ചെന്നത്‌. എന്നെ അറിയുമോ എന്ന്‌ ചോദിച്ചു. ‘നിന്റെ കള്ളത്താടിയും ശബ്ദവും മറക്കാനാകുമോ’എന്നായിരുന്നു അവരുടെ മറുപടി. അത്ഭുതപ്പെടുത്തിയ സന്ദർഭമായിരുന്നു അതെന്ന്‌ കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്‌ണൻ ഓർമിക്കുന്നു. 
1972 മുതൽ കർഷകസംഘം നേതാവായിരുന്നു ഗൗരിയമ്മ. ജില്ലയിലെ കർഷക–-കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനും വളരെ ഊർജം പകർന്ന വ്യക്തിത്വം. പി വി കുഞ്ഞിക്കണ്ണൻ സെക്രട്ടറിയായ കാലത്ത്‌ ഗൗരിയമ്മയായിരുന്നു പ്രസിഡന്റ്‌. അന്നുമുതൽ അടുത്തകാലംവരെ ഗൗരിയമ്മയുമായി അടുത്ത ബന്ധം പുലർത്തി. യുഡിഎഫിൽ നിൽക്കുമ്പോഴും നേരിൽകാണുമ്പോൾ പാലക്കാട്ടെ പാർടിനേതാക്കളെക്കുറിച്ച്‌ അന്വേഷിക്കും. പാർടിയിലേക്ക്‌ തിരിച്ചുവന്നപ്പോഴും ബന്ധം ഊഷ്‌മളമായി തുടർന്നു.  2019ലെ പ്രളയകാലത്ത്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി 10ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകാൻ തിരുവനന്തപുരത്ത്‌ എത്തിയപ്പോൾ ഗൗരിയമ്മയെ വീട്ടിൽ പോയി കാണണമെന്ന്‌ തോന്നി. 
നൂറാംപിറന്നാൾ ആഘോഷിക്കുന്ന സമയം. കോലിയക്കോട്‌ കൃഷ്‌ണൻനായരും ഗോപി കോട്ടമുറിക്കലും എം വിജയകുമാറും എ എം ആരിഫും ഒപ്പമുണ്ടായി. ആലപ്പുഴയിലെ വീട്ടിലെത്തിയ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. കുറെ മിഠായിയും അണ്ടിപ്പരിപ്പും കരുതിയിരുന്നു. അതും വാങ്ങി കുശലവർത്തമാനത്തിനിടയിൽ ‘പേരക്കുട്ടികളൊക്കെ ആയടോ’എന്ന്‌ അന്വേഷിച്ചു. അതെ എന്ന്‌ മറുപടി  പറഞ്ഞു. യാത്ര പറഞ്ഞ്‌ ഇറങ്ങവെ ഞങ്ങൾ നൽകിയ അണ്ടിപ്പരിപ്പ്‌ കൈയിൽതന്ന്‌ പേരക്കുട്ടികൾക്ക്‌ കൊടുക്കാൻ ആവശ്യപ്പെട്ടു. ഒരു കമ്യൂണിസ്‌റ്റിനുള്ള എല്ലാ ഗുണവും ചേർന്ന വിപ്ലവകാരിയാണ്‌ ഗൗരിയമ്മ. ജില്ലയിലെ കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും വലിയ സംഭാവന നൽകിയ അവർ ജില്ലയിൽ എല്ലാ പ്രദേശത്തും എത്തിയിരുന്നതായും കെ വി രാമകൃഷ്‌ണൻ ഓർമിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top