17 September Tuesday
ഇന്ന്‌ അന്തർദേശീയ യുവജന ദിനം

എലവഞ്ചേരിയുടെ ചരിത്രം 
തിരുത്തിയ സയൻസ്‌ സെന്റർ

വേണു കെ ആലത്തൂർUpdated: Monday Aug 12, 2024

കരിങ്കുളത്തെ സയൻസ് സെന്ററിൽ പിഎസ്‌സി പഠിതാക്കൾ

 
പാലക്കാട്‌ 
എലവഞ്ചേരി ചരിത്രം കുറിക്കുകയാണ്‌. ഇല്ലായ്‌മകളുടെയും വല്ലായ്‌മയുടെയും കാലത്തുണ്ടായ പേരുദോഷമെല്ലാം പുതുതലമുറയുടെ കഠിനാധ്വാനത്തിലൂടെ മാറ്റിയെടുത്തു. ഇവിടേക്ക്‌ പെൺകുട്ടികളെ വിവാഹം കഴിച്ച്‌ അയക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന്‌ കഥയാകെ മാറി. അടുത്ത മാർച്ചോടെ ജില്ലയിലെ 15 പഞ്ചായത്തുകളിലെ സെക്രട്ടറിമാരും 22 വില്ലേജ്‌ ഓഫീസർമാരും എലവഞ്ചേരിക്കാരാകും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസിലും എലവഞ്ചേരിക്കാരുടെ സാമീപ്യമുണ്ട്‌. ആയിരത്തിലധികം സർക്കാർ ജീവനക്കാരുള്ള കേരളത്തിലെ അപൂർവം പഞ്ചായത്തുകളിലൊന്നാണ്‌ എലവഞ്ചേരി. 
ഈ നാടിന്റെ ചരിത്രം തിരുത്തിയെഴുതിയത്‌ കരിങ്കുളത്തെ സയൻസ്‌ സെന്ററാണ്‌. അതാണ്‌ എലവഞ്ചേരിയുടെ നിശബ്ദ വിപ്ലവകാരി. പഠനം പൂർത്തിയാക്കുന്ന യുവാക്കളെ ഒന്ന്‌, രണ്ട്‌ വർഷംകൊണ്ട്‌ സർക്കാർ ജീവനക്കാരാക്കിമാറ്റുന്ന സൗജന്യ പരിശീലനകേന്ദ്രം. ഇവിടെ പഠിച്ച രണ്ടായിരത്തോളം പേർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്‌. നെന്മാറ, പല്ലശന, കൊല്ലങ്കോട്‌, മുതലമട, അയിലൂർ, വണ്ടാഴി, മേലാർകോട്‌ പഞ്ചായത്തുകളിലുള്ളവരും സയൻസ്‌ സെന്ററിൽ പരിശീലിച്ച്‌ സർക്കാർ ജോലി നേടിയിട്ടുണ്ട്‌. 
ഡിവൈഎഫ്‌ഐ, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ പ്രവർത്തകരായ നാലുപേരാണ്‌ 1990ൽ മത്സരപരീക്ഷകൾക്കായി പരിശീലനമെന്ന ആശയത്തിന്‌ വിത്തുപാകിയത്‌. എലവഞ്ചേരിയിലെ കെ അരവിന്ദാക്ഷൻ, നെന്മാറയിലെ ഗുരുവായൂരപ്പൻ, പല്ലശനക്കാരായ ഉണ്ണി (ശങ്കരൻകുട്ടി), സഹോദരൻ കെ ജയപാലൻ. ഇവർ പിഎസ്‌സി പരീക്ഷയ്‌ക്കായി പരിശീലിക്കാൻ തെരഞ്ഞെടുത്ത സ്ഥലം കരിങ്കുളമായിരുന്നു. 1996ൽ നാലുപേരും സർക്കാർ സർവീസിൽ കയറി. അരവിന്ദാക്ഷൻ വനംവകുപ്പിൽ ജൂനിയർ സൂപ്രണ്ടായും ജയപാലൻ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമീഷണറായും ഗുരുവായൂരപ്പൻ പഞ്ചായത്ത്‌ സെക്രട്ടറിയായും വിരമിച്ചു. ഉണ്ണി കോടതി ജീവനക്കാരനായി സർവീസിലുണ്ട്‌.
സ്വന്തം കെട്ടിടം എംഎൽഎ ഫണ്ടിൽനിന്ന്‌ കരിങ്കുളം സെന്ററിൽ 20 സെന്റിലാണ്‌ സയൻസ്‌ സെന്റർ പ്രവർത്തിക്കുന്നത്‌. ചാരിറ്റബിൾ ആക്ട്‌ പ്രകാരം രജിസ്‌റ്റർ ചെയ്‌ത ട്രസ്‌റ്റിനാണ്‌ ഭരണച്ചുമതല. 2011–-12 വർഷത്തിൽ എംഎൽഎയായിരുന്ന വി ചെന്താമരാക്ഷൻ വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌. 
25 അംഗ ഭരണസമിതിയുടെ പ്രസിഡന്റ്‌ കെ അരവിന്ദാക്ഷനും സെക്രട്ടറി വി മോഹനനുമാണ്‌. ഈ വർഷം ആയിരത്തോളം പേർ ഇവിടെ പരിശീലനം പൂർത്തിയാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top